മെസിയെ കേരളത്തിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ്; റിപ്പോർട്ട് തുടർനടപടികൾക്കായി മുഖ്യമന്ത്രി വിഡി സതീശന് കൈമാറി
മെസിയെ കേരളത്തിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ്, മെസിയെ എത്തിക്കാനുള്ള നീക്കത്തിന്റെ ഒരു കരാർ രേഖകളുമില്ല. സ്പോൺസർ സർക്കാർ എഗ്രിമെന്റ് ഇല്ല. നീക്കത്തിന് നിയമ സാധുത ഇല്ലെന്നു കായിക വകുപ്പിന്റെ ഗുരുതര കണ്ടെത്തൽ. റിപ്പോർട്ടിൽ ഗൗരവ സ്വഭാവത്തിലുള്ള ശുപാർശകളാണുള്ളത്.
മെസിയെ കൊണ്ട് വരാനുള്ളത് വ്യാജ നീക്കം. ക്രിമിനൽ കുറ്റങ്ങളും ഫിനാൻഷ്യൽ ഫ്രോഡിങ്ങും നടന്നതായി സംശയിക്കുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നും ശുപാർശ. ഫിഫ അംഗീകാരമില്ലാതെയാണ് വാഗ്‌ദാനം. ചട്ടങ്ങൾ മറികടന്ന് എൽഡിഎഫ് സർക്കാർ വാഗ്‌ദാനം നൽകി. മുൻ കായിക മന്ത്രി നടപടിക്രമം പാലിച്ചില്ല. കലൂർ സ്റ്റേഡിയം സ്പോൺസർമാർക്ക് കൈമാറിയതിലും വീഴ്ച്ചയുണ്ടായി.
അർജന്റീന ഫുട്ബോൾ അസോസിയേഷന് (എഎഫ്എ) ഒന്നരക്കോടി യുഎസ് ഡോളർ (അന്നത്തെ മൂല്യം 126 കോടി രൂപ) നൽകിയെന്ന് സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി അവകാശപ്പെടുമ്പോൾ, പണം അയച്ചതിന്റെയോ ടീം കൈപ്പറ്റിയതിന്റെയോ ഒരു രേഖയുമില്ല. എന്തിന്, എഎഫ്എയും സംസ്ഥാന സർക്കാരും തമ്മിൽ കരാർ ഒപ്പുവച്ചതിന്റെയോ സ്പോൺസറും സർക്കാരും തമ്മിൽ കരാറുള്ളതിന്റെയോ പോലും രേഖകൾ ഇല്ല. കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത് തയ്യാറാക്കിയ റിപ്പോർട്ട് രണ്ടാഴ്ച മുൻപ് തുടർനടപടികൾക്കായി മുഖ്യമന്ത്രി വിഡി സതീശന് കൈമാറി.
റിപ്പോർട്ടിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിയെടുക്കുമെന്ന് കായിക യുവജനകാര്യ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി അഡ്വ. ഒജെ ജനീഷ് പറഞ്ഞു. നിലവിൽ കായിക വകുപ്പ് നൽകിയിട്ടുള്ള റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഗൗരവകരമാണ്. ഈ റിപ്പോർട്ടിന്മേൽ മുഖ്യമന്ത്രിയാണ് തുടർ നടപടികൾ സ്വീകരിക്കേണ്ടതെന്ന് കായിക മന്ത്രി ഒജെ ജനീഷ് വ്യക്തമാക്കി.
യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏജൻസി വഴി പണം കൈമാറ്റം നടത്താനാണു സ്പോൺസർ സംസ്ഥാന സർക്കാർ മുഖേന കേന്ദ്രാനുമതി തേടിയത്. ഈ ഏജൻസി യു എസിൽ സാമ്പത്തിക കുറ്റകൃത്യ അന്വേഷണം നേരിടുന്നവരാണെന്നു റിപ്പോർട്ടിൽ പറയുന്നു.
വിദേശത്തേക്കു പണം അയയ്ക്കാൻ സംസ്ഥാന സർക്കാർ മുഖേന കേന്ദ്രാനുമതി നേടിയെടുത്ത സ്പോൺസർ പിന്നീട് പണം കൈമാറിയതിന്റെ രേഖകളൊന്നും സർക്കാരിനു സമർപ്പിച്ചിട്ടില്ല. അർജന്റീന ടീമിന്റെ സന്ദർശനം നീണ്ടതോടെ കരാർ ലംഘനത്തിന് സ്പോൺസർക്ക് എൽഡിഎഫ് സർക്കാർ 2 തവണ നോട്ടിസ് അയച്ചിരുന്നു.
അതേസമയം, അർജന്റീന ടീമിൽനിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിക്കാതെയാണു കൊച്ചിയിൽ പ്രദർശന മത്സരം നടക്കുന്നതായി കേരളം കേന്ദ്രത്തിനു കത്തെഴുതിയതും പണം കൈമാറാൻ അനുമതി നേടിയെടുത്തതും. 126 കോടി പണം കൈമാറ്റത്തിൽ 22.68 കോടി സേവനനികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് ജിഎസ്‌ടി വകുപ്പ് സ്പോൺസർക്ക് അടുത്തിടെ സമൻസ് അയച്ചിരുന്നു.
എഎഫ്എ പ്രതിനിധിയുമായി അന്നത്തെ കായികമന്ത്രിയുടെ ഓഫിസ് നടത്തിയ ഇ–മെയിലുകൾ മാത്രമാണ് സർക്കാർ രേഖകളിലുള്ളത്. 2 വർഷത്തിനുശേഷം ഇവ ഫയലിൽ ചേർക്കാൻ കായികവകുപ്പിനു കൈമാറുകയായിരുന്നു.
ടെൻഡറില്ലാതെ ഏകപക്ഷീയമായി സ്പോൺസറെ കണ്ടെത്തിയതിലെ വീഴ്ച
അർജന്റീന ടീമിനെ കൊണ്ടുവരാൻ തയാറാണെന്നും അതിന് മുഴുവൻ സാമ്പത്തിക സഹായം നൽകാമെന്നും അറിയിച്ച് കളമശ്ശേരി ആസ്ഥാനമായ ഗോട്ട് ആഡ് ഗ്ലോബൽ എന്ന സ്ഥാപനമാണ് 2023 ജൂലൈയിൽ സർക്കാരിന് ആദ്യ കത്തയച്ചത്. അതിന് 20 ദിവസം മുൻപു മാത്രമാണ് ഈ സ്ഥാപനം റജിസ്റ്റർ ചെയ്തതെന്നും ഒരു ലക്ഷം രൂപ മാത്രമായിരുന്നു അന്നു മൂലധനമെന്നും സെക്രട്ടറിയുടെ അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് സ്പോൺസറായെത്തിയ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ അതേ മേൽവിലാസമാണ് ആദ്യത്തെ സ്ഥാപനത്തിനെന്നും റിപ്പോർട്ടിലുണ്ട്. ടെൻഡറില്ലാതെ ഏകപക്ഷീയമായി സ്പോൺസറെ കണ്ടെത്തിയതിലെ വീഴ്ചയും പരാമർശിക്കുന്നുണ്ട്.



