പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കി പിടിയിൽ, വിവരം നൽകിയത് ഓട്ടോഡ്രൈവർ
പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി പിടിയിൽ. കണ്ണൂര് താളിക്കാവിലെ അപാർട്മെന്റിൽ സുഹൃത്തിന് ഒപ്പം കഴിയുന്നതിനിടയിലാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്. ഇയാളുടെ സുഹൃത്തും കസ്റ്റഡിയിലായിട്ടുണ്ട്. പൊലീസ് ഇയാളെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് ഇയാൾ പിടിയിലായത്. അർജുൻ ആയങ്കിയുടെ സഹോദരൻ അജയ് ആയങ്കിയും പൊലീസിൻ്റെ കരുതൽ തടങ്കലിലായിട്ടുണ്ട്. അർജുൻ ആയങ്കിയുടെ കേസ് നടത്തുന്നതിനായി പണം സ്വരൂപിക്കനായി ക്യൂ ആർ ക്വാഡ് നിർമിച്ച് നൽകിയത് അജയ് ആയങ്കിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് നടക്കാവ് പൊലീസാണ് അജയ് ആയങ്കിയെ കരുതൽ തടങ്കലിൽ വെച്ചിരിക്കുന്നത്.
വിവരം നൽകിയത് ഓട്ടോഡ്രൈവർ
അർജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞത് തളിപ്പറമ്പിലെ ലോഡ്ജിലെന്ന് വിവരം. പൊലീസ് ഒളിത്താവളം മനസിലാക്കിയെന്ന് ആയങ്കിക്ക് വ്യക്തമായതോടെ ഓട്ടോയിൽ പയ്യന്നൂർ ഭാഗത്തേക്ക് കടന്നു. പിന്നീട് ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് സുഹൃത്തിനെ കാറുമായി വിളിച്ചുവരുത്തുകയായിരുന്നു. ഈ കാറിലാണ് ആയങ്കി കണ്ണൂരിലേക്ക് എത്തിയത്. ഓട്ടോ ഡ്രൈവർ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് കാറിൻ്റെ സിസിടിവി പിന്തുടർന്ന് പൊലീസ് അഭിഭാഷകയുടെ ഫ്ലാറ്റിലെത്തി. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് കിട്ടിയിരുന്നു. ഇന്നലെ ഉച്ചക്ക് മൂന്നരയോടെയാണ് ഫ്ലാറ്റിൽ ആയങ്കി എത്തിയത്. പൊലീസ് എത്തിയ ശേഷം ആയങ്കി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് കീഴടക്കുകയായിരുന്നു.
അതേസമയം, ആഭ്യന്തര മന്ത്രിയെ അപമാനിച്ചെന്ന പരാതിയിലാണ് ആയങ്കിയെ അറസ്റ്റ് ചെയ്യുക. പൊലിസിനെ വെല്ലുവിളിച്ചതല്ലെന്നും പറഞ്ഞത് ന്യായമായ കാര്യങ്ങൾ മാത്രമാണെന്നും അർജുൻ ആയങ്കി പറഞ്ഞു. കീഴടങ്ങാൻ വന്നതല്ല കണ്ണൂരിലെന്നും ആയങ്കി പറഞ്ഞു. കടലിൽ കാണാതായവരെ കിട്ടിയോ എന്നും ആയങ്കി പരിഹസിച്ചു.
അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് നീക്കം
അറസ്റ്റിലായ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് നീക്കം. 23 കേസുകളിൽ പ്രതിയായ അർജുൻ കൊടും ക്രിമിനലെന്ന് പൊലീസ് റിപ്പോർട്ട് നൽകും. അർജുനെതിരെ രണ്ട് വധ ശ്രമക്കേസുകളും, ആയുധം ഉപയോഗിച്ച് മാരകമായി പരിക്കേൽപ്പിക്കൽ കേസും , തട്ടി കൊണ്ട് പോകൽ കേസും, അടക്കം ഗുരുതര വകുപ്പുകൾ ചേർത്തുള്ള കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2014 മുതൽ അർജുൻ സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വ്യക്തിയാണെന്ന് പല കേസുകളിലും നേരത്തെ കുറ്റപത്രം നൽകിയിരുന്നു. അർജുനെതിരെ വളപ്പട്ടണം പൊലീസ് സ്റ്റേഷനിൽ മാത്രമുള്ളത് 12 കേസുകളാണ്. പുതിയ കേസുകൾ ഉൾപ്പെടെ ആകെ 23 കേസികളിൽ അർജുൻ പ്രതിയാണ്. ഉടൻ കാപ ചുമത്താനുള്ള റിപ്പോർട്ട് കളക്ടർക്ക് നൽകാനാണ് നീക്കം.
ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി
ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇത് ഗുണ്ടകളുടെ നാട് അല്ല. സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളുടെ നാടാണ്. എല്ലാ സിസ്റ്റത്തെയും വെല്ലുവിളിക്കുന്ന ഗുണ്ടയ്ക്കും അർജുൻ ആയങ്കിയുടെ അനുഭവമാകും. ജനങ്ങളെ വെല്ലുവിളിക്കുന്ന എല്ലാ ഗുണ്ടകളെയും നിലയ്ക്ക് നിർത്താൻ ഗവൺമെൻറ് പ്രതിജ്ഞബദ്ധമാണ്. ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ഇന്നലെ മുതൽ അതിനുള്ള നടപടികൾ ആരംഭിച്ചുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ഓപ്പറേഷൻ ഗ്രിപ്പിൻ്റെ ഭാഗമായി പട്ടിക തയ്യാറാക്കി പൊലീസ്
സംസ്ഥാനത്തെ ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ഗ്രിപ്പിൻ്റെ ഭാഗമായി പട്ടിക തയ്യാറാക്കി പൊലീസ്. 300 ഗുണ്ടകളാണ് പൊലീസിൻ്റെ പട്ടികയിലുള്ളത്. ഒരാഴ്ച മുമ്പേ രഹസ്യമായി പൊലീസ് നീക്കം തുടങ്ങിയിരുന്നു. ഗുണ്ടകളുടെ സ്പോൺസർമാരെ കുറിച്ചും ഇൻ്റലിജൻസിന് വിവരം ലഭിച്ചു. ജാമ്യം തേടി പുറത്തിറങ്ങിയ ശേഷം ഗുണ്ടാപ്രവർത്തനം ചെയ്യുന്നവരുടെ ജാമ്യം നിഷേധിക്കാൻ പൊലീസ് കോടതിയെ സമീപിക്കാനും നീക്കമാരംഭിച്ചു.



