Fri, 7 August 2026
Kerala

പാറ പൊട്ടിക്കലിന് അനുമതി നല്‍കിയിട്ടില്ല. ആരും അറിയാതെ ആണ് പാറ പൊട്ടിച്ചത്; മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി

Newtalks Desk

പാണക്കാട്ടെ മണ്ണിടിച്ചിലിന് അനധികൃതമായ പാറ പൊട്ടിക്കല്‍ കാരണമായെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി.

മണ്ണ് മാറ്റാൻ മാത്രമാണ് മുൻസിപ്പാലിറ്റി അനുമതി നല്‍കിയത്. എന്നാല്‍ അതിൻ്റെ മറവില്‍ പാറ പൊട്ടിച്ചു. അതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം. സ്ഥലത്ത് ഒരുതരത്തിലുള്ള നിർമ്മാണപ്രവൃത്തികളും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. മണ്ണിടിച്ചിലുണ്ടായ പ്രദേശം സന്ദർശിച്ചു സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി.

പാറ പൊട്ടിക്കലിന് അനുമതി നല്‍കിയിട്ടില്ല. ആരും അറിയാതെ ആണ് പാറ പൊട്ടിച്ചത്. മുൻപ് പാറ പൊട്ടിച്ചപ്പോള്‍ തന്നെ നാട്ടുകാരും മറ്റും ഇടപെട്ട് നിർത്തിവെപ്പിച്ചിരുന്നു. എന്നാല്‍ അത് നീക്കിയാണ് വീണ്ടും പാറ പൊട്ടിച്ചത്. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചു. പ്രശ്നങ്ങള്‍ മുൻകൂട്ടി കണ്ട് ഇടപെടുന്നതില്‍ അവർ പരാജയപ്പെട്ടു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ആദ്യപടിയായി അവർക്ക് ഇതിനോടകം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഉടമയ്ക്ക് ഷോക്കോസ് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അപകടത്തിന്റെ പശ്ചാത്തലത്തില്‍, കേരളത്തില്‍ ഉടനീളം അനധികൃതവും നിയമവിരുദ്ധവുമായ ഇത്തരം പ്രവർത്തനങ്ങള്‍ 100 ശതമാനവും നിർത്തിവെപ്പിച്ചിട്ടുണ്ട്. ഒരു തരത്തിലുള്ള അനധികൃത ക്വാറി പ്രവർത്തനങ്ങളും ഇനി അനുവദിക്കില്ല. യാതൊരുവിധത്തിലുള്ള തെറ്റായ പ്രവണതകളും സർക്കാർ വെച്ചുപൊറുപ്പിക്കില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതാണ് സർക്കാരിന്റെ പ്രഥമ പരിഗണന. ഇത്തരം ദുരന്തങ്ങള്‍ മേലില്‍ ആവർത്തിക്കാതിരിക്കാൻ കർശനമായ പരിശോധനകളും നടപടികളും തുടരുമെന്നും മന്ത്രി അറിയിച്ചു.

വിദഗ്‌ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ സ്ഥലം പരിസ്ഥിതി ലോല മേഖലയാക്കുന്ന കാര്യത്തില്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സ്വകാര്യ വ്യക്തി നിർമ്മാണത്തിനായി മണ്ണുമാന്തിയ സ്ഥലത്താണ് വൻ മണ്ണിടിച്ചില്‍ ഉണ്ടായത്. സംഭവത്തില്‍ പൊലീസുകാരും മാധ്യമപ്രവർത്തകരും നാട്ടുകാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

വടക്കന്‍ ജില്ലകളിൽ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്. മലപ്പുറം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

ശേഷിക്കുന്ന ആറു ജില്ലകളിലും യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. നാളെ 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.


Leave a Reply

Your email address will not be published. Required fields are marked *