Fri, 7 August 2026
Kerala

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്, മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ നാളെ തുറക്കും

Newtalks Desk

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്. മലപ്പുറം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

ശേഷിക്കുന്ന ആറു ജില്ലകളിലും യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. നാളെ 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് അച്ചന്‍കോവില്‍, മണിമല നദികളില്‍ കേന്ദ്ര ജല കമ്മിഷന്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ള ഇടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ നാളെ തുറക്കും

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ നാളെ തുറക്കും. തമിഴ്നാട് കമ്പം താഴ്വരയിലെ കൃഷിഭൂമിയിലേക്ക് വെള്ളം തുറന്ന് വിടുമെന്നാണ് മുന്നറിയിപ്പ്. മന്ത്രി സിടിആർ നിർമൽ കുമാർ ചടങ്ങിൽ പങ്കെടുക്കും. 14,707 ഏക്കർ സ്ഥലത്തെ ഒന്നാം നെൽകൃഷിയ്ക്കായാണ് ജലം ലഭ്യമാക്കുന്നത്. സാധാരണ ജൂൺ ഒന്നിനാണ് ഷട്ടർ തുറക്കുക. ഇത്തവണ നീരൊഴുക്ക് കുറഞ്ഞതിനാലാണ് രണ്ട് മാസത്തിലധികം വൈകിയത്. ടിവികെ സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷമുള്ള ആദ്യ മന്ത്രിതല സന്ദർശനമാണിത്.

അസമിലെ പ്രളയത്തിൽ മരണസംഖ്യ 97 ആയി

ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു. അസമിലെ പ്രളയത്തിൽ മരണസംഖ്യ 97 ആയി. ഉത്തരാഖണ്ഡിൽ അളകനന്ദ, മന്ദാകിനി നദികൾ കരകവിഞ്ഞ് ഒഴുകുന്നതിനാൽ വളരെ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർ‍ട്ട് ചെയ്യുന്നത്. പ്രളയത്തെ തുടർന്ന് കേദാർനാഥ് യാത്ര തടസ്സപ്പെട്ടു. അതേസമയം, ദില്ലിയിൽ ഇന്നും റെഡ് അലർട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറിനിടെ അസമിൽ 2 മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 97 ആയി. ബ്രഹ്മപുത്രയും പോഷകനദികളും കരകവിഞ്ഞൊഴുകിയതോടെ പത്തുലക്ഷത്തിലധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലും താൽക്കാലിക ഷെൽട്ടറുകളിലുമായി കഴിയുന്നു. നിരവധി ഗ്രാമങ്ങളും കൃഷിയിടങ്ങളും പൂർണ്ണമായി ഒറ്റപ്പെട്ടു. സിക്കിം, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലും കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലുണ്ടായി. ഉത്തരാഖണ്ഡിൽ മലയോര മേഖലകളിൽ നദികൾ കരകവിഞ്ഞെഴുകി. രുദ്രപ്രയാഗിൽ അളകനന്ദ, മന്ദാകിനി നദികൾ അപകടനിലയ്ക്കും മുകളിലാണ് ഒഴുകുന്നത്. നദീതീരത്തെ ക്ഷേത്രങ്ങളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. തിൽവാരയ്ക്ക് സമീപമുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ കേദാർനാഥ് ഹൈവേയിലെ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. തീർത്ഥാടകരും പ്രദേശവാസികളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകി.


Leave a Reply

Your email address will not be published. Required fields are marked *