സില്‍വർ ലൈനും ഹൈസ്പീഡ് റെയിൽ പദ്ധതികളും ഉപേക്ഷിച്ചതായി കേന്ദ്ര സർക്കാർ രാജ്യസഭയില്‍
കേരളത്തിന്റെ സില്‍വർ ലൈൻ, ഹൈസ്പീഡ് റെയില്‍ പദ്ധതികളുമായി മുന്നോട്ടുപോകില്ലെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയില്‍ വ്യക്തമാക്കി.
സംസ്ഥാന സർക്കാർ ഈ പദ്ധതികള്‍ ഉപേക്ഷിച്ച സാഹചര്യത്തില്‍ കേന്ദ്രത്തിനും തുടർനടപടികള്‍ ഇല്ലെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു. നിലവില്‍ മൂന്നും നാലും റെയില്‍പാതകളുടെ വികസനത്തിനാണ് മുൻഗണന നല്‍കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
ജോണ്‍ ബ്രിട്ടാസ് എം.പി. ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയത്. കേരളത്തിന്റെ അതിവേഗ റെയില്‍ പദ്ധതികള്‍, സെമി ഹൈസ്പീഡ് റെയില്‍ സാധ്യതകള്‍, ഇ. ശ്രീധരൻ മുന്നോട്ടുവെച്ച ഹൈസ്പീഡ് റെയില്‍ നിർദേശത്തിന്റെ നിലവിലെ സ്ഥിതി എന്നിവയെക്കുറിച്ചായിരുന്നു എം.പി.യുടെ ചോദ്യങ്ങള്‍.
രാജ്യസഭയിലെ മറുപടിക്ക് പിന്നാലെ പ്രതികരിച്ച ജോണ്‍ ബ്രിട്ടാസ്, സില്‍വർ ലൈനും ഇ. ശ്രീധരൻ സമർപ്പിച്ച ഹൈസ്പീഡ് റെയില്‍ പദ്ധതിയും സംസ്ഥാന സർക്കാർ ഉപേക്ഷിച്ചതിനാല്‍ കേന്ദ്രവും ഇനി അതുമായി മുന്നോട്ടുപോകില്ലെന്നാണ് വ്യക്തമാക്കിയതെന്ന് പറഞ്ഞു.
കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തില്‍ ഇ. ശ്രീധരന്റെ പദ്ധതി ചർച്ച ചെയ്ത് നടപ്പാക്കാനുള്ള സാധ്യത പരിശോധിക്കാമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീട് സംസ്ഥാന സർക്കാർ പദ്ധതി തള്ളിയതോടെ കേന്ദ്രവും ഉത്തരവാദിത്തത്തില്‍ നിന്ന് പിന്മാറിയെന്നും ബ്രിട്ടാസ് ആരോപിച്ചു. ഇതിലൂടെ കേരളത്തിന് ലഭിക്കേണ്ടിയിരുന്ന ഒരു സുപ്രധാന റെയില്‍വേ പദ്ധതി നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കഞ്ചിക്കോട് റെയില്‍ കോച്ച് ഫാക്ടറി പദ്ധതിയും ഉപേക്ഷിച്ചതായി കേന്ദ്ര സർക്കാർ രാജ്യസഭയില്‍ അറിയിച്ചു. കോച്ച് നിർമാണത്തിനാവശ്യമായ റോളിങ് സ്റ്റോക്ക് നിലവിലുള്ള ഉത്പാദന യൂണിറ്റുകളില്‍ നിന്ന് ലഭ്യമാകുന്നതിനാല്‍ പുതിയ ഫാക്ടറിയുടെ ആവശ്യമില്ലെന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ വിശദീകരണം.
കഞ്ചിക്കോട്ടെ 228 ഏക്കർ ഭൂമി ഇന്ത്യൻ റെയില്‍വേയുടെ ഭാവി വികസന പദ്ധതികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. ഏകദേശം 40 കോടി രൂപ ചെലവഴിച്ചാണ് ഈ ഭൂമി ഏറ്റെടുത്തത്. ഭാവിയില്‍ റെയില്‍വേ വികസന ആവശ്യങ്ങള്‍ക്കായി ഭൂമി ഉപയോഗിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഒന്നാം യു.പി.എ. സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച കഞ്ചിക്കോട് റെയില്‍ കോച്ച് ഫാക്ടറി പദ്ധതി 2008-ലാണ് അംഗീകാരം നേടിയത്. 2012-ല്‍ തറക്കല്ലിട്ടെങ്കിലും പിന്നീട് പദ്ധതി നിലച്ചിരുന്നു. തുടർന്ന് പദ്ധതി മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റിയെന്ന ആരോപണങ്ങളും ഉയർന്നിരുന്നു.



