കനത്ത മഴ: മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ നാളെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയെ തുടർന്ന് മലപ്പുറം, പത്തനംതിട്ട ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (2026 ഓഗസ്റ്റ് 4, ചൊവ്വ) ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.
തുടർച്ചയായി ശക്തമായ മഴ പെയ്യുന്നതും മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതും കണക്കിലെടുത്താണ് വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി മുന്നൊരുക്കത്തിന്റെ ഭാഗമായി അവധി നൽകിയിരിക്കുന്നത്.
മലയോര മേഖലകളിലും പുഴയോരങ്ങളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കനത്ത മഴയെ തുടർന്ന് ജലാശയങ്ങളിലും നദികളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ജലാശയങ്ങളിൽ ഇറങ്ങുന്നതും മലയോര മേഖലകളിലേക്കുള്ള രാത്രികാല യാത്രകളും പൂർണ്ണമായും ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
പാണക്കാട് മണ്ണിടിച്ചിൽ ; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
മലപ്പുറം പാണക്കാട് വേങ്ങര റോഡിലേക്ക് കുന്നിൻ ചെരുവിൽ നിന്ന് വൻതോതിൽ മണ്ണിടിഞ്ഞു. ആളുകൾ രണ്ടു ഭാഗങ്ങളിലേക്ക് ഓടിയതിനാൽ വൻ അപകടം ഒഴിവായി. നിർമ്മാണ പ്രവർത്തി ആരംഭിച്ച ഭാഗത്താണ് മണ്ണിടിഞ്ഞത്. ഇതുവഴിയുള്ള ഗതാഗതവും നിരോധിച്ചു. രാവിലെ എട്ടുമണിയോടെയാണ് പാണക്കാട് റോഡിലേക്ക് കുത്തനെയുള്ള ചെരിവിൽ നിന്ന് മണ്ണിടിഞ്ഞു തുടങ്ങിയത്. മണ്ണും കല്ലുകളും റോഡിലേക്ക് പതിച്ചു. വീണ്ടും തുടർച്ചയായി മണ്ണ് ഇടിയുന്നുണ്ടായിരുന്നു. 9.30 യോടെ വലിയ മൺകൂന പൂർണ്ണമായും താഴേക്ക് പതിച്ചു. മരങ്ങളും കല്ലുകളും ഒലിച്ചിറങ്ങി.
മാധ്യമപ്രവര്‍ത്തകരെല്ലാം നാട്ടുകാരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. ഓടി രക്ഷപ്പെടുന്നതിനിടയിൽ മലപ്പുറം കൈരളി ടിവി ക്യാമറമാൻ ജയേഷിന് നിസാര പരിക്കേറ്റു. മണ്ണ് ഇടിഞ്ഞുതുടങ്ങിയത് മുതൽ തന്നെ ഗതാഗത നിരോധിച്ചതും, പൊലീസ് ഇടപെട്ട് ജനങ്ങളെ രണ്ടു ഭാഗങ്ങളിലേക്ക് മാറ്റിയതും വലിയ അപകടം ഒഴിവാക്കി. ആളുകൾക്ക് ഓടി രക്ഷപ്പെടാൻ കഴിഞ്ഞതും ആശ്വാസമായി.
മൂന്ന് ദിവസം സംസ്ഥാനത്ത് പെയ്തത് 232 % അധിക മഴ
കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് പെയ്തത് 232 % അധിക മഴ. ഓഗസ്റ്റ് 1 മുതൽ 3 വരെ സംസ്ഥാനത്ത് ലഭിക്കേണ്ടിയിരുന്നത് 55.4 mm മഴയായിരുന്നു എന്നാൽ ലഭിച്ചത് 184 . 2 mm മഴയാണ്. കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് (കോഴിക്കോട് 257.4mm) ,
പത്തനംതിട്ടയിൽ പെയ്തിറങ്ങിയത് 533% അധിക മഴയാണ്.
വീട് പൂർണമായി തകർന്നവർക്ക് ആറ് ലക്ഷം രൂപയും നൽകാൻ സർക്കാർ തീരുമാനിച്ചു.
ആറന്മുളയിലും ആലപ്പുഴയിലെ അപ്പർ കുട്ടനാടുമാണ് സ്ഥിതി രൂക്ഷം
രാത്രിയിലും ഇന്ന് രാവിലെയുമായി പെയ്ത കനത്ത മഴയിൽ വ്യാപക കെടുതികളാണ് ഉണ്ടായിട്ടുള്ളത്. പത്തനംതിട്ട ആറന്മുളയിലും ആലപ്പുഴയിലെ അപ്പർ കുട്ടനാടുമാണ് സ്ഥിതി രൂക്ഷം. ആറന്മുളയിൽ മഴ മാറി നിൽക്കുന്നുണ്ടെങ്കിലും കൂടുതൽ വെള്ളമൊഴുകിയെത്തുന്നത് പ്രതിസന്ധിയാകുകയാണ്. പ്രദേശത്ത് നിന്ന് ആളുകളെ പൂർണമായും ഒഴിപ്പിക്കാനാണ് ശ്രമം. അപ്പർ കുട്ടനാടിലെ വെള്ളക്കെട്ടിൽ നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു. വെള്ളം കയറി പ്രധാന റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. വെള്ളം ഇറങ്ങിത്തുടങ്ങിയ റാന്നിയിൽ അൽപസമയം മുമ്പാണ് മാലിന്യനീക്കം ആരംഭിച്ചത്. വടക്കൻ ജില്ലകളിൽ പലയിടത്തും മണ്ണിടിഞ്ഞ് വീടുകൾ തകർന്നു.



