Fri, 31 July 2026
KeralaPolitics

പിഎം ശ്രീ പദ്ധതി: യുഡിഎഫിൽ ഭിന്നതയില്ല, പുറത്തുവരുന്ന വാർത്തകൾ വസ്തുതാവിരുദ്ധമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

Newtalks Desk

പിഎം ശ്രീ (PM SHRI) പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് യുഡിഎഫിൽ (UDF) അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന വാർത്തകൾ തള്ളി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. പദ്ധതിയുമായി മുന്നോട്ടുപോകാനാണ് സർക്കാരിന്റെ തീരുമാനമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് വാർത്താസമ്മേളനത്തിൽ പറഞ്ഞതിന് പിന്നാലെയാണ്, യോഗത്തിൽ ഇത്തരം ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന വിശദീകരണവുമായി കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളെ കണ്ടത്. വിഷയം യുഡിഎഫ് യോഗത്തിൽ ചർച്ചയായിട്ടില്ലെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് കോൺഗ്രസിനും ലീഗിനും ഒറ്റ അഭിപ്രായമാണെന്നും അദ്ദേഹം വ്യക്തമാക്കി.

​കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് ഒപ്പുവെച്ച കരാറായതിനാൽ പദ്ധതിയിൽ നിന്ന് പെട്ടെന്ന് പിന്മാറുന്നതിൽ ചില പ്രയാസങ്ങളുണ്ടെന്നാണ് മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവിൽ സബ് കമ്മിറ്റി വിഷയം പരിശോധിച്ചു വരികയാണെന്നും അവരുടെ റിപ്പോർട്ട് വന്നതിനുശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷ സർക്കാർ തന്നെ ഇതിന്റെ സാങ്കേതിക പ്രയാസങ്ങളെക്കുറിച്ച് നിയമസഭയിൽ വ്യക്തമാക്കിയതാണ്. കേന്ദ്ര ഫണ്ട് തടസ്സപ്പെടാതിരിക്കാൻ ഒപ്പിടേണ്ടി വന്നു എന്ന് അവർ തന്നെ മുൻപ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​കേന്ദ്രസർക്കാർ മുന്നോട്ടുവെക്കുന്ന കർശനമായ വ്യവസ്ഥകൾ കേരളത്തിലെ പാഠ്യപദ്ധതിയിലോ സ്കൂൾ തിരഞ്ഞെടുപ്പിലോ ഒരു കാരണവശാലും നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. സബ് കമ്മിറ്റി റിപ്പോർട്ടിന് ശേഷം കേന്ദ്ര വ്യവസ്ഥകൾ പാലിക്കാതെ മുന്നോട്ടുപോകാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് സർക്കാർ പരിശോധിക്കും. വരാനിരിക്കുന്ന ഘട്ടത്തിൽ സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കും. അടൂർ പ്രകാശ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹത്തിന്റേതായ ശൈലിയിൽ മറുപടി നൽകിയതാണെന്നും മുന്നണിക്കുള്ളിൽ ഭിന്നതയുണ്ടെന്ന തരത്തിൽ പുറത്തുവരുന്ന വാർത്തകൾ നൂറു ശതമാനവും വസ്തുതാവിരുദ്ധമാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

അതേസമയം, പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ പിന്മാറാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ടല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല.


Leave a Reply

Your email address will not be published. Required fields are marked *