Thu, 30 July 2026
Kerala

മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളിൽ നാളെ (ജൂലൈ 31-ന്) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Newtalks Desk

കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വയനാട്, എറണാകുളം, കാസർഗോഡ്, കോഴിക്കോട് (വടകര, താമരശേരി താലൂക്കുകളിൽ) ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 31 വെള്ളിയാഴ്ച ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, മതപഠന കേന്ദ്രങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്. എന്നാൽ  റസിഡൻഷ്യൽ സ്കൂളുകൾക്കും കോളേജുകൾക്കും ഈ ഉത്തരവ് ബാധകമല്ല.

​എറണാകുളം കളക്ടർ ജി. പ്രിയങ്കയും വയനാട് കളക്ടർ ഡി.ആർ. മേഘശ്രീയുമാണ് കളക്ടറേറ്റ് ഉത്തരവുകളിലൂടെ അവധി അറിയിച്ചത്.

മഴ മുന്നറിയിപ്പ് തുടരുന്നു

​തീരദേശ ന്യൂനമർദ്ദ പാത്തിയുടെയും അതിതീവ്ര ന്യൂനമർദ്ദത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് ഓഗസ്റ്റ് 2 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെക്കൻ ഗുജറാത്ത് മുതൽ വടക്കൻ കേരള തീരം വരെ നിലനിൽക്കുന്ന തീരദേശ ന്യൂനമർദ്ദ പാത്തിയും പടിഞ്ഞാറൻ ഛത്തീസ്ഗഢ്, വിദർഭ, തെക്കുകിഴക്കൻ മധ്യപ്രദേശ് ഭാഗങ്ങളിലെ അതിതീവ്ര ന്യൂനമർദ്ദവുമാണ് മഴ കനക്കാൻ കാരണം. അടുത്ത 12 മണിക്കൂറിനുള്ളിൽ ഈ അതിതീവ്ര ന്യൂനമർദ്ദം പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി തീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *