Thu, 30 July 2026
Kerala

ക്ലാസിനിടെ താഴെ വീണ പേനയുടെ അടപ്പ് എടുക്കാൻ ശ്രമിച്ച വിദ്യാര്‍ത്ഥിയെ തല്ലി, നിസ്സാര കാര്യത്തിന് ഒമ്പതാം ക്ലാസുകാരന് ക്രൂരമർദ്ദനം; തൃശൂരിൽ അധ്യാപകന്റെ മർദ്ദനദൃശ്യങ്ങൾ പുറത്ത്

Newtalks Desk

തൃശൂർ: താഴെപ്പോയ പേനയുടെ അടപ്പ് എടുക്കാൻ നോക്കിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ ദയയില്ലാതെ മർദ്ദിച്ചു. തൃശൂർ വരവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകനായ മണികണ്ഠനാണ് വിദ്യാർത്ഥിയോട് ക്രൂരത കാട്ടിയത്. ഒരാഴ്ച മുൻപ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ മറ്റ് വിദ്യാർത്ഥികൾ മൊബൈൽ ഫോണിൽ പകർത്തിയതോടെയാണ് വിവരങ്ങൾ പുറത്തറിഞ്ഞത്.

​ഡെസ്കിന് താഴേക്ക് തെറിച്ചുപോയ പേനയുടെ ക്യാപ് എടുക്കുന്നതിനായി ബെഞ്ചിൽ നിന്ന് മുന്നോട്ട് എത്തിനോക്കിയതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. ഉയരം കുറവായതിനാലാണ് കുട്ടി ബെഞ്ചിൽ നിന്ന് എത്തിനോക്കാൻ ശ്രമിച്ചത്. ഈ നിസ്സാര കാരണത്തിനാണ് അധ്യാപകൻ കുട്ടിയെ പൊതിരെ തല്ലിയത്. അധ്യാപകൻ ക്ലാസിനുള്ളിൽ പതിവായി വിദ്യാർത്ഥികളെ ഇത്തരത്തിൽ ക്രൂരമായി മർദ്ദിക്കാറുണ്ടെന്ന് കുട്ടികൾ ആരോപിക്കുന്നു.

​ശിക്ഷാ നടപടികൾ അതിരുകടന്നതോടെയാണ് മറ്റ് വിദ്യാർത്ഥികൾ രഹസ്യമായി മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയത്. അധ്യാപകൻ മർദ്ദിച്ച കാര്യം കുട്ടി വീട്ടിൽ പറഞ്ഞിരുന്നെങ്കിലും സംഭവത്തിന്റെ ഗൗരവം ദൃശ്യങ്ങൾ കണ്ടപ്പോഴാണ് മനസ്സിലായതെന്ന് മാതാപിതാക്കൾ പ്രതികരിച്ചു.

അതേസമയം, പ്രസ്തുത അധ്യാപകനെതിരെ മുൻപും സമാനമായ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും വിഷയത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് (DEO) വിശദമായ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും സ്കൂൾ ഹെഡ്മിസ്ട്രസ് അറിയിച്ചു. സംഭവത്തിൽ അധ്യാപകനെതിരെ പോലീസിലും ബാലാവകാശ കമ്മീഷനിലും പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാർത്ഥിയുടെ കുടുംബം.


Leave a Reply

Your email address will not be published. Required fields are marked *