‘പി.എം ശ്രീയിൽ ചർച്ച മുന്നോട്ട് തന്നെ പോകും…LDF സർക്കാർ ഒപ്പിട്ട കരാറിൽ നിന്ന് പിന്മാറാനാവില്ല’; UDF കൺവീനർ അടൂർ പ്രകാശ്
തിരുവനന്തപുരം: കേന്ദ്ര സർക്കാരുമായി കരാറൊപ്പിട്ട പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് യോഗത്തിൽ തീരുമാനം. എന്നാൽ പദ്ധതി ഏതൊക്കെ സ്കൂളുകളിൽ നടപ്പാക്കണം എന്നത് യുഡിഎഫ് സർക്കാർ വിശദമായി പരിശോധിച്ച് തീരുമാനിക്കുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പിട്ടത്. പുതിയ സർക്കാർ അധികാരത്തിൽ വന്ന പശ്ചാത്തലത്തിൽ വിഷയം പരിശോധിക്കുകയും, പദ്ധതി നടപ്പിലാക്കേണ്ട സ്കൂളുകളുടെ കാര്യത്തിൽ അന്തിമ തീരുമാനം യുഡിഎഫ് കൈക്കൊള്ളുകയും ചെയ്യുമെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി. കേന്ദ്രത്തിൽ നിന്ന് ലഭ്യമാകേണ്ട ഫണ്ട് വാങ്ങിയെടുക്കുക സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അടൂർ പ്രകാശ് പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച് ചർച്ചയുണ്ടായത്.
സംസ്ഥാനത്തെ ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി വേഗത്തിൽ ഉഭയകക്ഷി ചർച്ചകൾ നടത്താൻ പുതിയ സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ യുഡിഎഫ് യോഗത്തിൽ തീരുമാനമായി. വിവിധ ബോർഡുകൾ, കോർപറേഷനുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിലെ സ്ഥാനമാനങ്ങൾ സംബന്ധിച്ച് ഘടകകക്ഷികൾക്കുള്ള അവകാശവാദങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കോൺഗ്രസ് നേതൃത്വം മുസ്ലിം ലീഗ്, കേരള കോൺഗ്രസ്, സിഎംപി തുടങ്ങി എല്ലാ ഘടകകക്ഷികളുമായും പ്രത്യേകം ചർച്ചകൾ നടത്തും. വരുന്ന 10 ദിവസത്തിനുള്ളിൽ ഈ ചർച്ചകൾ പൂർത്തിയാക്കി സ്ഥാനം വീതംവെക്കൽ അന്തിമമാക്കാനാണ് മുന്നണി ലക്ഷ്യമിടുന്നത്.
നിയമസഭയിലടക്കം വലിയ ചർച്ചയായ വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന സംബന്ധിച്ച വിഷയത്തിൽ പെട്ടെന്ന് തിടുക്കപ്പെട്ട് തീരുമാനമുണ്ടാകില്ലെന്ന് യോഗം വിലയിരുത്തി. പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ ഇതുമായി ബന്ധപ്പെട്ട് മുന്നണി തീരുമാനമെടുക്കും. ഇതിനായി രൂപീകരിക്കുന്ന യുഡിഎഫ് ഉപസമിതിയായിരിക്കും മദ്യനയ രൂപീകരണ ഘട്ടത്തിൽ നയം വ്യക്തമാക്കി അന്തിമ തീരുമാനത്തിലെത്തുക.
അതേസമയം, കേന്ദ്ര സർക്കാരിന്റെ പിഎംശ്രീ (PM-SHRI) പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾ മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ടിന് ശേഷമായിരിക്കും നടക്കുക. ഉപസമിതി വിഷയം വിശദമായി പഠിച്ച് റിപ്പോർട്ട് നൽകിയ ശേഷം മാത്രമായിരിക്കും യുഡിഎഫ് ഇതിൽ വ്യക്തമായ നയപരമായ നിലപാട് സ്വീകരിക്കുക. എന്നിരുന്നാലും, പദ്ധതിയിൽ നിന്ന് മുന്നോട്ട് പോകാതെ പൂർണ്ണമായി പിന്മാറാനാകില്ലെന്ന പ്രാഥമിക വിലയിരുത്തലിലാണ് യുഡിഎഫ് നേതൃത്വം.
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത ഇന്നത്തെ യോഗത്തിൽ പ്രധാനമായും സർക്കാരിന്റെ ഭരണപരമായ വിഷയങ്ങളാണ് ചർച്ചയായത്. അതിനാൽ മുന്നണിയുടെ ഭാവി പരിപാടികളും മറ്റ് രാഷ്ട്രീയ നയങ്ങളും വിശദമായി ആസൂത്രണം ചെയ്യുന്നതിനായി ഒരു ദിവസം നീണ്ടുനിൽക്കുന്ന വിശാല യുഡിഎഫ് യോഗം ഉടൻ തന്നെ വിളിച്ചുചേർക്കാനും മുന്നണി തീരുമാനിച്ചിട്ടുണ്ട്.



