പാർട്ടിക്ക് ഭരണത്തിൽ നിയന്ത്രണമില്ലായിരുന്നു, ചില നേതാക്കൾക്ക് അഹങ്കാരവും അഴിമതിയും: പിണറായി സർക്കാരിനെതിരെ സി.പി.എം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്
പിണറായി സർക്കാരിന്റെ കാലത്ത് പാർട്ടിക്ക് ഭരണത്തിന്മേൽ വേണ്ടത്ര നിയന്ത്രണമുണ്ടായിരുന്നില്ലെന്ന് സമ്മതിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി. മുൻപ് ഭരണത്തിലിരുന്നപ്പോൾ സർക്കാരിന്റെ പദ്ധതികൾ നിരീക്ഷിക്കാനും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും പാർട്ടി ഉപസമിതി നിലവിലുണ്ടായിരുന്നെങ്കിലും കഴിഞ്ഞ തവണ അതുണ്ടായില്ലെന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്ത് പാർട്ടി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പോലീസിന്റെയും ഉദ്യോഗസ്ഥരുടെയും സ്വേച്ഛാധിപത്യപരമായ നിലപാടുകൾക്കെതിരെ ജനങ്ങളിലും പാർട്ടി പ്രവർത്തകരിലും കടുത്ത എതിർപ്പുണ്ടായിരുന്നു. ചില മന്ത്രിമാർ ഉദ്യോഗസ്ഥരെ അമിതമായി ആശ്രയിച്ചതും കഴിഞ്ഞ പത്ത് വർഷമായി ജനകീയ വിഷയങ്ങൾ ഏറ്റെടുക്കുന്നതിൽ ബഹുജന സംഘടനകൾക്ക് വീഴ്ച സംഭവിച്ചതും പാർട്ടിയെ ബാധിച്ചു. ഇതിനുപുറമേ, ചില നേതാക്കളിൽ കണ്ടുവന്ന അഹങ്കാരം, അഴിമതി, സ്വജനപക്ഷപാതം, ആഡംബര ജീവിതശൈലി എന്നിവ കൃത്യസമയത്ത് തിരുത്താതിരുന്നത് ജനവിശ്വാസം നഷ്ടപ്പെടുന്നതിനും ശക്തമായ ഭരണവിരുദ്ധ വികാരത്തിനും കാരണമായെന്ന് സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെ തള്ളിക്കൊണ്ട് കേന്ദ്ര കമ്മിറ്റി അടിവരയിടുന്നു.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എ. പത്മകുമാർ അറസ്റ്റിലായ ഉടൻ തന്നെ അച്ചടക്കനടപടി സ്വീകരിക്കാൻ അഖിലേന്ത്യാ നേതൃത്വം നിർദ്ദേശിച്ചിരുന്നെങ്കിലും അതു നടപ്പാക്കാതിരുന്നത് വലിയ തിരിച്ചടിയായെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പി.എം. ശ്രീ വിഷയത്തിൽ സി.പി.ഐയുമായുണ്ടായ തർക്കം പരിഹരിക്കാൻ അഖിലേന്ത്യാ നേതൃത്വം ഇടപെട്ടപ്പോഴേക്കും സമയം വൈകിയിരുന്നു. സ്ഥാനാർത്ഥി നിർണ്ണയത്തിൽ മതിയായ രീതിയിൽ വനിതകൾ, യുവാക്കൾ, ന്യൂനപക്ഷ സമുദായങ്ങൾ എന്നിവരെ പരിഗണിക്കാതിരുന്നതിന്റെ ഉത്തരവാദിത്തം ജില്ലാ കമ്മിറ്റികളുടെ തലയിൽ മാത്രം കെട്ടിവെക്കാതെ സംസ്ഥാന നേതൃത്വവും ഏറ്റെടുക്കണമെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് വ്യക്തമാക്കുന്നു.



