Tue, 28 July 2026
LifestyleWorld

അമ്മയുടെ അവസാനത്തെ ആഗ്രഹം സാധ്യമാക്കി AI; പതിറ്റാണ്ടുകൾക്ക് ശേഷം വേർപിരിഞ്ഞ സഹോദരങ്ങളെ ഒന്നിപ്പിച്ച് ചാറ്റ്ജിപിടി!

Newtalks Desk

ലണ്ടൻ: പരമ്പരാഗത തിരച്ചിൽ രീതികളെല്ലാം പരാജയപ്പെട്ടിടത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വഴിത്തിരിവായി. ആറര പതിറ്റാണ്ടിലേറെയായി വേർപിരിഞ്ഞു കഴിഞ്ഞിരുന്ന കുടുംബത്തെയും ജന്മസഹോദരങ്ങളെയും തിരികെ ഒന്നിപ്പിച്ചിരിക്കുകയാണ് ചാറ്റ്ജിപിടി (ChatGPT). കാനഡയിലെ അബ്ബോട്സ്ഫോർഡിൽ താമസിക്കുന്ന റിട്ടയേർഡ് ചാർട്ടേഡ് അക്കൗണ്ടന്റായ അവ്താർ സിംഗ് (66), ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജ്വല്ലറി ഡിസൈനറായ നിക്കി ധാമോ (58) എന്നിവരാണ് ചാറ്റ്ജിപിടിയുടെ ഒരു എ.ഐ തിരച്ചിലിലൂടെ തങ്ങൾ സഹോദരീസഹോദരന്മാരാണെന്ന സത്യം തിരിച്ചറിഞ്ഞത്.

​പഞ്ചാബിലെ അമൃതസറിൽ ജനിച്ച് വളർന്ന അവ്താർ സിംഗിന് താൻ വളർത്തമ്മയുടെ മകനാണെന്ന സത്യം വിവാഹശേഷമാണ് അറിയാൻ കഴിഞ്ഞത്. പിതാവിന്റെ ആദ്യവിവാഹത്തിലെ മകനാണ് താനെന്നും, തന്റെ അമ്മ സവിന്ദർ കൗർ ആഫ്രിക്കയിലേക്ക് തിരികെ പോയെന്നുമുള്ള വിവരങ്ങൾ മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചിരുന്നത്. തന്റെ ജന്മദാത്രിയെ കണ്ടെത്താനായി പതിറ്റാണ്ടുകളോളം ഗൂഗിൾ, ഫേസ്ബുക്ക്, യുകെ നാഷണൽ ആർക്കൈവ്സ് എന്നിവയിലൂടെ അവ്താർ ശ്രമങ്ങൾ നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല.

​എന്നാൽ, നിർമ്മിത ബുദ്ധിയിൽ ഒരു കൈ നോക്കാമെന്ന് കരുതി കഴിഞ്ഞ മെയ് മാസത്തിൽ അദ്ദേഹം തന്റെ പക്കലുള്ള ചുരുക്കം ചില വിവരങ്ങൾ അടിസ്ഥാനമാക്കി ചാറ്റ്ജിപിടിയിൽ ഒരു സെർച്ച് നൽകി. അവ്താറിന്റെ ചോദ്യങ്ങൾക്ക് മറുപടിയായി ചാറ്റ്ജിപിടി ഒരു യുകെ അടിസ്ഥാനമാക്കിയ ബ്ലോഗിന്റെ ലിങ്ക് നൽകി. ലണ്ടനിലെ ജ്വല്ലറി ഡിസൈനറായ നിക്കി ധാമോ തന്റെ പരേതയായ അമ്മ സവിന്ദർ കൗർ നാഗിയെക്കുറിച്ച് എഴുതിയ അനുസ്മരണ പോസ്റ്റായിരുന്നു അത്.

​ലേഖനത്തിൽ നൽകിയിരുന്ന 1962-ലെ തയ്യൽ കോഴ്സിന്റെ സർട്ടിഫിക്കറ്റ് ചിത്രവും അമൃതസറുമായി ബന്ധപ്പെട്ട വിവരങ്ങളും കണ്ടതോടെ അവ്താറിന് സംശയം ബലപ്പെട്ടു. തുടർന്ന് രണ്ട് മണിക്കൂറിനുള്ളിൽ അദ്ദേഹം നിക്കിയെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. ഫോൺ സംഭാഷണത്തിനിടയിൽ “നീ ടിറ്റു (Titu) അല്ലേ?” എന്ന് നിക്കി ചോദിച്ചതോടെ ദീർഘകാലത്തെ വലിയൊരു കുടുംബരഹസ്യത്തിന്റെ ചുരുളഴിഞ്ഞു. അവ്താറിന്റെ ബാല്യകാല നാമമായിരുന്നു ടിറ്റു എന്നത്.

​അവ്താർ ജനിച്ച ശേഷം പിതാവ് വീണ്ടും വിവാഹം കഴിക്കുകയും അവ്താറിനെ ഉപേക്ഷിക്കേണ്ടി വരികയും ചെയ്ത ചരിത്രമാണ് പിന്നീട് വെളിപ്പെട്ടത്. തന്റെ അമ്മ തനിക്കായി ജീവിതകാലം മുഴുവൻ കണ്ണീരൊഴുക്കിയിരുന്നുവെന്നും “മേരാ ബച്ചാ” (എന്റെ കുഞ്ഞ്) എന്ന് മരണക്കിടക്കയിലും വിളിച്ചിരുന്നുവെന്നും അറിഞ്ഞത് അവ്താറിനെ അത്യധികം വികാരാധീനനാക്കി. 2024 ഡിസംബറിലാണ് മാതാവ് സവിന്ദർ കൗർ അന്തരിച്ചത്.

ഡാറ്റാ സെർച്ചിംഗും പാറ്റേൺ മാച്ചിംഗും വഴി ഇന്റർനെറ്റിലെ ചിതറിക്കിടക്കുന്ന വിവരങ്ങൾ കോർത്തിണക്കിയാണ് ചാറ്റ്ജിപിടി ഈ കണ്ടെത്തൽ സാധ്യമാക്കിയത്. സാങ്കേതികവിദ്യ മനുഷ്യബന്ധങ്ങളിൽ വരുത്തുന്ന അത്ഭുതകരമായ മാറ്റങ്ങൾക്ക് ഉത്തമോദാഹരണമായി ഈ സംഭവം ലോകമെമ്പാടും ശ്രദ്ധ നേടുകയാണ്.


Leave a Reply

Your email address will not be published. Required fields are marked *