Tue, 28 July 2026
Gulf UpdatesKerala

കണ്ണൂർ വിമാനത്താവളത്തിൽ പ്രവാസി യുവാവിന് കസ്റ്റംസിന്റെ ക്രൂരാനുഭവം; അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ചതായി പരാതി

Newtalks Desk

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധനയുടെ പേരിൽ കടുത്ത മാനസിക പീഡനത്തിനും അപമാനത്തിനും ഇരയായതായി പ്രവാസി യുവാവ് പരാതിപ്പെട്ടു. ദുബൈയിൽ ഐടി മാനേജരായി ജോലി ചെയ്യുന്ന കാസർകോട് സ്വദേശി ഹുസൈനാർ മഹഷാദാണ് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, കസ്റ്റംസ് കമ്മീഷണർ, ദേശീയ-സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകൾ, നോർക്ക റൂട്ട്സ് എന്നിവർക്ക് മഹഷാദ് ഔദ്യോഗികമായി പരാതി നൽകി.

​ജൂലൈ 19-ന് രാവിലെ ഫുജൈറയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് മഹഷാദ് കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. വിമാനമിറങ്ങി കസ്റ്റംസ് പരിശോധനയ്ക്ക് വിധേയനായ സമയം, ഒരു വനിതാ ഉദ്യോഗസ്ഥയുടെ നിർദേശപ്രകാരം തന്നോട് അടിവസ്ത്രം വരെ അഴിച്ച് പരിശോധനയ്ക്ക് നിൽക്കേണ്ടി വന്നുവെന്ന് യുവാവ് വ്യക്തമാക്കുന്നു. ഈ മനുഷ്യത്വരഹിതമായ പെരുമാറ്റം തനിക്ക് കടുത്ത മാനസിക പ്രയാസവും ആഴത്തിലുള്ള അപമാനവും ഉണ്ടാക്കിയതായി പരാതിയിൽ പറയുന്നു.

വ്യക്തിവൈരാഗ്യം തീർക്കുന്ന മട്ടിലാണ് ഉദ്യോഗസ്ഥർ പെരുമാറിയതെന്നും, പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ മറ്റ് ജീവനക്കാരും കസ്റ്റംസ് ഉദ്യോഗസ്ഥരും തന്നെയോർത്ത് പരിഹസിച്ചതായും മഹഷാദ് ആരോപിക്കുന്നു. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്നാണ് യുവാവിന്റെ ആവശ്യം. എന്നാൽ, വിമാനത്താവളങ്ങളിൽ നടക്കാറുള്ള പതിവ് പരിശോധന മാത്രമാണ് അവിടെയും നടന്നതെന്നാണ് വിഷയത്തിൽ കസ്റ്റംസ് നൽകുന്ന വിശദീകരണം.


Leave a Reply

Your email address will not be published. Required fields are marked *