ഭക്ഷണം വാങ്ങി നൽകി അപരിചിതർ; വേസ്റ്റുകൾ നീക്കാൻ സന്നദ്ധ പ്രവർത്തകർ, സജീവമായി പ്രഥമശുശ്രൂഷാ ക്യാമ്പുകളും, ജന്തർ മന്തറിൽ സമാനതകളില്ലാത്ത ഐക്യദാർഢ്യം
ന്യൂഡൽഹി: ദേശീയ തലസ്ഥാനമായ ഡൽഹി ജന്തർ മന്തറിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കും പ്രക്ഷോഭകർക്കും പിന്തുണയുമായി രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് സാധാരണക്കാർ. സമരവേദിയിൽ നേരിട്ടെത്താൻ സാധിക്കാത്തവർ ഓൺലൈൻ ഡെലിവറി ആപ്പുകൾ വഴി പ്രക്ഷോഭകർക്കായി വൻതോതിൽ ഭക്ഷണവും പാനീയങ്ങളും ഓർഡർ ചെയ്ത് നൽകിയാണ് തങ്ങളുടെ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നത്. ഡൽഹിക്ക് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും വരെ ഇത്തരം ഓൺലൈൻ ഓർഡറുകൾ പ്രവഹിക്കുകയാണ്.
സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി ആപ്പുകൾ വഴിയാണ് ഡെലിവറി ഏജന്റുമാർ ജന്തർ മന്തറിലെ സമര പന്തലിലേക്ക് തുടർച്ചയായി എത്തുുന്നത്. പിസ്സ, ബർഗർ, മോമോസ്, ചായ, സമോസ മുതൽ പൂർണ്ണമായ ഭക്ഷണ താലികൾ വരെ ഇത്തരത്തിൽ ഓർഡർ ചെയ്ത് നൽകുന്നുണ്ട്. “സമരവേദിയിലുള്ള ആർക്കെങ്കിലും ഈ ഭക്ഷണം കൈമാറുക” എന്ന പ്രത്യേക നിർദ്ദേശത്തോടെയാണ് പലരും ഓർഡറുകൾ നൽകുന്നത്. ഒരൊറ്റ ദിവസം കൊണ്ട് 20-ലധികം തവണ സമരസ്ഥലത്തേക്ക് ഭക്ഷണം എത്തിച്ചതായി ഒരു ഡെലിവറി ഏജന്റ് വ്യക്തമാക്കി. ഒറ്റ ഓർഡറിൽ 80 പിസ്സകൾ വരെ സമരക്കാർക്കായി എത്തിയ സംഭവങ്ങളുമുണ്ടായി.
മുൻപ് നീറ്റ് (NEET) പരീക്ഷ എഴുതി ചോദ്യപേപ്പർ ചോർച്ച കാരണം ദുരിതത്തിലാവുകയും പിന്നീട് പരീക്ഷ ഉപേക്ഷിച്ച് ബാംഗ്ലൂരിൽ നഴ്സിംഗിന് ചേരുകയും ചെയ്ത ബിഹാർ സ്വദേശിയായ വിദ്യാർത്ഥി സമരക്കാർക്കായി പിസ്സ ഓർഡർ ചെയ്തത് മാധ്യമ ശ്രദ്ധ നേടി. തനിക്ക് നേരിട്ടെത്തി പ്രതിഷേധത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാലാണ് ഇത്തരത്തിൽ പിന്തുണ അറിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ കഠിനമായ തിരക്കുകൾക്കിടയിലും കുറഞ്ഞ ഡെലിവറി ചാർജ് മാത്രം സ്വീകരിച്ച് സമരക്കാർക്ക് ഭക്ഷണം കൃത്യമായി എത്തിച്ചു നൽകാൻ ഡെലിവറി ജീവനക്കാരും പ്രത്യേക താല്പര്യം കാണിക്കുന്നുണ്ട്.
ഓൺലൈൻ വഴിയും നേരിട്ടും ജനങ്ങൾ എത്തിച്ച നൽകിയ ഭക്ഷണത്തിന്റെ അളവ് പ്രതീക്ഷിച്ചതിലും വളരെ കൂടിയതോടെ, സമരം സംഘടിപ്പിച്ച കോക്ക്റോച്ച് ജനതാ പാർട്ടി (CJP) പ്രവർത്തകർക്ക് ഓൺലൈനായി ഇനി ഭക്ഷണം അയക്കരുതെന്ന് അഭ്യർത്ഥിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെക്കേണ്ടി വന്നു. ജനങ്ങളുടെ ഈ അവിശ്വസനീയമായ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി അറിയിച്ച സംഘാടകർ, നിലവിൽ ആവശ്യത്തിലധികം ഭക്ഷണം ലഭിച്ചിട്ടുണ്ടെന്നും അതിനാൽ കൂടുതൽ ഓർഡറുകൾ നൽകരുതെന്നും പൗരന്മാരോട് അഭ്യർത്ഥിച്ചു. സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ന്യായമാണെന്ന് വിശ്വസിക്കുന്ന പൊതുജനങ്ങളുടെ ഈ പിന്തുണ പ്രക്ഷോഭത്തിന് വലിയ കരുത്താണ് പകരുന്നത്.
ഭക്ഷണ വിതരണത്തിന് പുറമെ, പൗരബോധത്തിന്റെ മാതൃകാപരമായ കാഴ്ചകൾക്കാണ് ജന്തർ മന്തർ സാക്ഷ്യം വഹിക്കുന്നത്. പോലീസ് നടപടിയെ തുടർന്ന് ചിതറിക്കിടന്ന മാലിന്യങ്ങളും പ്ലാസ്റ്റിക് കുപ്പികളും നീക്കം ചെയ്യാൻ വിദ്യാർത്ഥികളും സന്നദ്ധപ്രവർത്തകരും സ്വയം മുന്നോട്ടുവന്നു. പൂട്ടുകളും ചൂലുകളും കൈയ്യിലേന്തി തെരുവുകൾ തൂത്തുവാരി പ്രദേശം വീണ്ടും തിളക്കമുള്ളതാക്കി മാറ്റുന്ന യുവാക്കളുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലായിട്ടുണ്ട്. ജനാധിപത്യപരമായ അവകാശങ്ങൾക്കായി പോരാടുമ്പോഴും പൊതുസ്വത്തും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്ന സന്ദേശമാണ് ഈ യുവത്വം നൽകുന്നത്.



