Tue, 28 July 2026
SportsWorld

ലോകകപ്പ് തോൽവിക്ക് പിന്നാലെ അർജൻ്റീനയിൽ ആരാധകരും പോലീസും തമ്മിൽ തെരുവ് യുദ്ധം; കല്ലേറും അക്രമവും

Newtalks Desk

ബ്യൂണസ് ഐറിസ്: ഫിഫ 2026 ലോകകപ്പ് ഫൈനലിൽ സ്പെയിനോട് ഏറ്റ പരാജയത്തിന് പിന്നാലെ അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിൽ വ്യാപക അക്രമസംഭവങ്ങൾ. കിരീടം നഷ്ടപ്പെട്ട നിരാശയിൽ തെരുവിലിറങ്ങിയ ആരാധകരിൽ ഒരു വിഭാഗം പോലീസുകാരുമായി ഏറ്റുമുട്ടുകയും കല്ലും കുപ്പികളും എറിയുകയും ചെയ്തതോടെയാണ് ആഘോഷങ്ങൾ കലാപത്തിലേക്ക് വഴിമാറിയത്.

​അർജന്റീനയിലെ ഫുട്ബോൾ വിജയങ്ങളുടെ പ്രധാന ആഘോഷ കേന്ദ്രമായ പ്രശസ്തമായ ‘ഒബെലിസ്ക്’ (Obelisk) സ്മാരകത്തിന് ചുറ്റുമായിരുന്നു ആയിരക്കണക്കിന് ആരാധകർ മത്സരം കാണാൻ ഒത്തുകൂടിയിരുന്നത്. എന്നാൽ എക്സ്ട്രാ ടൈമിൽ സ്പെയിൻ നേടിയ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീന പരാജയപ്പെട്ടതോടെ അന്തരീക്ഷം സങ്കീർണ്ണമായി. കളി കഴിഞ്ഞയുടൻ തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിൽ നിന്ന് ഒരു സംഘം ആളുകൾ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ബ്യൂണസ് ഐറിസ് സിറ്റി പോലീസിനു നേരെ കല്ലുകളും മദ്യക്കുപ്പികളും വലിചെറിയാൻ തുടങ്ങി. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തെ പ്രതിരോധിക്കാൻ കലാപവിരുദ്ധ പോലീസ് കവചങ്ങൾ ഉപയോഗിച്ച് സ്വയം രക്ഷ തീർക്കുകയും ഒടുവിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ഇടപെടുകയും ചെയ്തു.

സംഘർഷത്തെ തുടർന്ന് പ്രദേശത്തെ പ്രധാന റോഡുകളെല്ലാം അധികൃതർക്ക് താൽക്കാലികമായി അടച്ചിടേണ്ടി വന്നു. അക്രമങ്ങളിൽ ആർക്കെങ്കിലും പരിക്കേൽക്കുകയോ ആരെെയെങ്കിലും അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം, ലോകകപ്പിൽ രണ്ടാം സ്ഥാനം നേടി രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ ദേശീയ ടീമിനെ ആദരിക്കുന്നതിനായി അർജന്റീനയിൽ ദേശീയ അവധി പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ജാവിയർ മിലെയ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. കളിക്കാരും കോച്ചിംഗ് സ്റ്റാഫും നാട്ടിൽ തിരിച്ചെത്തിയ ശേഷം ജനങ്ങളുമായി നടത്തുന്ന സ്വീകരണ പരിപാടികളുടെ തീയതി തീരുമാനിക്കുന്ന മുറയ്ക്കായിരിക്കും ഈ അവധി പ്രഖ്യാപിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. വൻ സുരക്ഷാ സന്നാഹമാണ് നിലവിൽ ബ്യൂണസ് ഐറിസിലെ പ്രധാന തെരുവുകളിൽ നിലയുറപ്പിച്ചിരിക്കുന്നത്.


Leave a Reply

Your email address will not be published. Required fields are marked *