ജന്തർ മന്തറിൽ സംഘർഷം: സിജെപി പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ്, ജന്തർ മന്തറിൽ തെരുവ് യുദ്ധം
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) നടത്തിയ പാർലമെന്റ് മാർച്ചിനെ തുടർന്ന് ഡൽഹി ജന്തർ മന്തറിൽ വൻ സംഘർഷം. സമരപന്തൽ പോലീസ് ബലപ്രയോഗത്തിലൂടെ പൊളിച്ചുമാറ്റിയതോടെയാണ് പ്രദേശം തെരുവ് യുദ്ധത്തിന് സമാനമായത്. പ്രവർത്തകരും പോലീസും തമ്മിൽ വൻ ഉന്തും തള്ളുമുണ്ടാവുകയും, ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. പോലീസിന്റെ ലാത്തിച്ചാർജിൽ ഏതാനും മാധ്യമപ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. നിലവിൽ നിരവധി സിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കേന്ദ്രമന്ത്രിമാരുടെ അടിയന്തര കൂടിക്കാഴ്ച
സിജെപി പ്രതിഷേധം അക്രമാസക്തമായ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, ആഭ്യന്തര മന്ത്രി അമിത് ഷായുമായി പാർലമെന്റിൽ വെച്ച് അടിയന്തര കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ സുരക്ഷാ സാഹചര്യങ്ങളും പ്രതിഷേധവും കൂടിക്കാഴ്ചയിൽ ചർച്ചയായതായാണ് വിവരം.
സമരം പാർലമെന്റ് മാർച്ചിലേക്ക് കടന്നതോടെ കേന്ദ്ര സർക്കാർ ഒടുവിൽ ചർച്ചയ്ക്ക് തയ്യാറായി. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ തങ്ങളെ ചർച്ചയ്ക്ക് ക്ഷണിച്ചതായി സിജെപി വക്താവ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരടങ്ങുന്ന സിജെപി പ്രതിനിധി സംഘം ജെ.പി. നദ്ദയുമായി കൂടിക്കാഴ്ച നടത്തി.
തുടർനടപടികൾ:
ചർച്ചയ്ക്ക് ശേഷവും ജെ.പി. നദ്ദയുടെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനങ്ങളൊന്നും അറിയിച്ചിട്ടില്ലെന്ന് സിജെപി വക്താക്കൾ വ്യക്തമാക്കി. തങ്ങളുടെ ആവശ്യങ്ങൾ പൂർണ്ണമായും അംഗീകരിക്കുന്നതുവരെ പ്രതിഷേധം ശക്തമായി തുടരുമെന്നാണ് സിജെപിയുടെ നിലപാട്.



