ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് ഏകദേശം 83 ലക്ഷത്തിലധികം രൂപ ഈടാക്കാൻ നീക്കം; കടുത്ത വിമർശനം
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ മറ്റുള്ളവർക്ക് മുൻപേ ആദ്യം കാണുന്നതിനായി ഉപയോക്താക്കളിൽ നിന്ന് വൻ തുക ഈടാക്കാൻ ട്രംപിന്റെ മാധ്യമ കമ്പനി ആലോചിക്കുന്നതായി റിപ്പോർട്ട്. ട്രംപിന്റെ ഉടമസ്ഥതയിലുള്ള ‘ട്രൂത്ത് സോഷ്യൽ’ (Truth Social) പ്ലാറ്റ്‌ഫോമിലെ പോസ്റ്റുകൾക്ക് മുൻഗണനാ അടിസ്ഥാനത്തിൽ ആക്‌സസ് നൽകുന്നതിനായി പ്രതിമാസം 1,00,000 ഡോളർ (ഏകദേശം 83 ലക്ഷത്തിലധികം രൂപ) വരെ ഈടാക്കാനാണ് ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പ് പദ്ധതിയിടുന്നത്. സാമ്പത്തിക വ്യാപാരികളെയും വൻകിട നിക്ഷേപക സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് ഈ നീക്കം. മൂന്ന് വർഷത്തെ പ്ലാൻ തിരഞ്ഞെടുക്കുന്ന കമ്പനികൾക്ക് പ്രതിമാസം 60,000 ഡോളർ എന്ന നിരക്കിൽ ഇളവ് നൽകാനും ചർച്ചകൾ നടക്കുന്നുണ്ട്.
ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിലൊന്നിന്റെ തലവനായ ട്രംപിന്റെ സോഷ്യൽ മീഡിയ പ്രതികരണങ്ങൾ ആഗോള വിപണികളിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാറുണ്ട്. അന്താരാഷ്ട്ര തർക്കങ്ങൾ, നികുതി നയങ്ങൾ എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പോസ്റ്റുകൾ ഓഹരി-ഊർജ്ജ വിപണികളെ നിമിഷനേരം കൊണ്ട് മാറ്റിമറിക്കാറുണ്ട്. എന്നാൽ ഔദ്യോഗിക വിവരങ്ങൾ വിറ്റ് പണമാക്കാനുള്ള ഈ നീക്കം സുതാര്യതയ്ക്ക് വിരുദ്ധമാണെന്നും ജനാധിപത്യത്തിന് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി പ്രമുഖ നിയമവിദഗ്ദ്ധരും ഡെമോക്രാറ്റിക് പാർട്ടി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. പ്രസിഡന്റ് പദവി വ്യക്തിപരമായ സാമ്പത്തിക നേട്ടങ്ങൾക്കായി ട്രംപ് ദുരുപയോഗം ചെയ്യുകയാണെന്ന് വിമർശകർ ആരോപിക്കുന്നു.
വാൾസ്ട്രീറ്റിലെ വൻകിട വ്യാപാരികളെയും ട്രംപ് കുടുംബത്തെയും ഒരേപോലെ സമ്പന്നരാക്കാൻ മാത്രമേ ഈ പുതിയ “ട്രൂത്ത് എപിഐ” (Truth API) സംവിധാനം ഉപകരിക്കൂ എന്ന് ഡെമോക്രാറ്റിക് സെനറ്റർ റോൺ വൈഡൻ കുറ്റപ്പെടുത്തി. ഈ വിഷയം വരും ദിവസങ്ങളിൽ യുഎസ് രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക് വഴിവെക്കുമെന്നാണ് സൂചന.



