Mon, 5 October 2026
Kerala

കോര്‍പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ, പ്രതിസന്ധിയിലായി ബിജെപി നേതൃത്വം

Newtalks Desk

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ. മേയര്‍ സ്ഥാനം നൽകാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്നു ബി ജെ പി കൗൺസിലർ ആര്‍ ശ്രീലേഖ. ഇതോടെ തിരുവനന്തപുരം കോര്‍പറേഷനിൽ വൻതിരിച്ചടിയാണ് ബിജെപി നേരിട്ടിരിക്കുന്നത്. ഇതോടെ നിലവിലുള്ള ബിജെപി അംഗങ്ങളുടെ എണ്ണം 49 ആയി കുറഞ്ഞു. പാര്‍ട്ടി നേതൃത്വവുമായുള്ള ഭിന്നതയ്ക്കിടെയാണ് രാജി വച്ചത്. അതേ സമയം രാജി സംബന്ധിച്ച കാര്യങ്ങള്‍ മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്ന് ഡെപ്യൂട്ടി മേയര്‍ ആശാനാഥ് പറഞ്ഞു.

രാജി സ്വകാര്യ കാരണങ്ങൾ കൊണ്ടെന്നാണ് ശ്രീലേഖയുടെ വിശദീകരണം.

വാര്‍ഡ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ശ്രീലേഖ പങ്കുവെച്ച സന്ദേശമിങ്ങനെ

‘പ്രിയപ്പെട്ടവരെ… ഞാൻ 30.09.2026 ൽ Mayor ശ്രീ വി വി രാജേഷിന് കൗൺസിലർ സ്ഥാനത്തു നിന്ന്, സ്വകാര്യ കാരണങ്ങൾ കൊണ്ട് രാജി വെക്കുന്നതായി അറിയിച്ചു കത്ത് നൽകിയിട്ടുണ്ട്. കോപ്പി ജില്ലാ കളക്ടർക്ക് തിങ്കളാഴ്ച നൽകും. നിങ്ങൾ എനിക്ക് നൽകിയ എല്ലാ സ്നേഹത്തിനും സഹകരണത്തിനും അഗാധമായ നന്ദി അറിയിക്കുന്നു’.”

രാജിവെച്ച് കൊണ്ടുള്ള കത്ത് കിട്ടിയതായി സ്ഥിരീകരിച്ച് മേയര്‍

തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനം ആർ ശ്രീലേഖ രാജിവെച്ച് കൊണ്ടുള്ള കത്ത് കിട്ടിയതായി സ്ഥിരീകരിച്ച് മേയര്‍ വിവി രാജേഷ്. വ്യക്തിപരമായ ചില അസൗകര്യങ്ങള്‍ കാരണം രാജിവെയ്ക്കുന്നതായാണ് കത്തില്‍ പറയുന്നതെന്നും വിവി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ രാജിക്കത്ത് നല്‍കേണ്ടത് കോര്‍പറേഷന്‍ സെക്രട്ടറിക്കാണ്. മറ്റ് രാഷ്ട്രീയ പാര്‍ട്ടിയുടെ സമ്മര്‍ദ്ദം ഉള്ളതായി തോന്നുന്നില്ലെന്നും മേയര്‍ പറഞ്ഞു. വ്യക്തിപരമായ അസൗകര്യങ്ങള്‍ ഉണ്ടെന്ന് പറയുന്നത് വീഴ്ചയല്ലല്ലോ. അസൗകര്യങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കുകയാണെന്നും വിവി രാജേഷ് കൂട്ടിച്ചേര്‍ത്തു.

രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് നഗരസഭ സെക്രട്ടറി

അതേ സമയം, രാജിക്കത്ത് ലഭിച്ചിട്ടില്ലെന്നും ഇതുവരെ യാതൊരു ആശയ വിനിമയവും ലഭിച്ചിട്ടില്ലെന്നും നഗരസഭ സെക്രട്ടറി ഷാഫി അറിയിച്ചു. മേയറും അറിയിച്ചിട്ടില്ല. ജില്ലാ കലക്ടര്‍ക്ക് നിയമപ്രകാരം രാജി സ്വീകരിക്കാന്‍ കഴിയില്ല. സെക്രട്ടറിക്കാണ് രാജിക്കത്ത് നല്‍കേണ്ടത്. കലക്ടര്‍ക്ക് നല്‍കിയാലും അതിന് നിയമസാധുതയില്ലെന്നും സെക്രട്ടറി പ്രതികരിച്ചു.

അതിനിടെ ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. വിഷയത്തില്‍ സംസ്ഥാന നേതൃത്വം തന്നെയാണ് ഇടപെടുന്നത്. ശ്രീലേഖയ്ക്ക് ഉയര്‍ന്ന പദവി നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നേതൃത്വം പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

തുടക്കം മുതൽ അതൃപ്‌തി, പ്രതിസന്ധിയിലായി ബിജെപി

ഭരണത്തില്‍ വന്നാല്‍ കോര്‍പ്പറേഷന്‍ മേയര്‍ ആക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് ആര്‍ ശ്രീലേഖയെ അന്ന് മത്സരിപ്പിച്ചത് എന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഭരണം കിട്ടിയപ്പോള്‍ വിവി രാജേഷിനെയാണ് ബിജെപി നേതൃത്വം മേയര്‍ ആക്കിയത്. ഇതിലുള്ള അതൃപ്തി തുടക്കത്തില്‍ തന്നെ ശ്രീലേഖ പ്രകടിപ്പിച്ചിരുന്നു.

വിവി രാജേഷ് മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ചടങ്ങ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ അവര്‍ കൗണ്‍സില്‍ ഹാളില്‍ നിന്ന് ഇറങ്ങിപ്പോയത് വലിയ വാര്‍ത്തയായിരുന്നു. പല വിഷയങ്ങളിലും ബിജെപി സംസ്ഥാന, ജില്ലാ നേതൃത്വവുമായി ശ്രീലേഖയ്ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. ഭിന്നതകള്‍ക്കിടയിലും കൗണ്‍സില്‍ യോഗങ്ങളില്‍ ഇവര്‍ പങ്കെടുക്കാറുണ്ടായിരുന്നു. ഇപ്പോള്‍ നേതൃത്വത്തെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ടാണ് ശ്രീലേഖയുടെ രാജി.


Leave a Reply

Your email address will not be published. Required fields are marked *