Tue, 28 July 2026
Sports

വീണ്ടും വമ്പന്മാർക്ക് അടിതെറ്റി, പോർച്ചുഗലിനെ സമനിലയിൽ കുരുക്കി കോംഗോ

Newtalks Desk

ഫിഫ ലോകകപ്പിൽ വമ്പന്‍മാര്‍ക്ക് വീണ്ടും അടി തെറ്റി. ബുധനാഴ്ച രാത്രി നടന്ന പോരാട്ടത്തിൽ കരുത്തരായ പോർച്ചുഗലിനെ 52 വർഷങ്ങൾക്കു ശേഷം ലോകകപ്പ് കളിക്കുന്ന കോംഗോയാണു സമനിലയിൽ തളച്ചത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പടെ തകർത്തു കളിച്ചിട്ടും കോംഗോയ്ക്കെതിരെ വിജയ ഗോൾ നേടാൻ കഴിഞ്ഞില്ല. ഇരു ടീമുകളും ആദ്യ പകുതിയിൽ ഓരോ ഗോൾ വീതം നേടി സമനില പിടിച്ചു. രണ്ടാം പകുതിയിൽ പോര്‍ച്ചുഗൽ വിജയ ഗോളിനായി പരമാവധി പൊരുതിയെങ്കിലും കോംഗോയുടെ പ്രതിരോധം എല്ലാ ശ്രമങ്ങളെയും മാറ്റിമറിച്ചു. ആറാം മിനിറ്റിൽ ജോവ നെവസിലൂടെയാണ് പോർച്ചുഗൽ മുന്നിലെത്തിയത്. ആദ്യ പകുതിയുടെ അധിക സമയത്ത് യോനെ വിസ്സയുടെ ഗോളിലൂടെ കോംഗോ മറുപടി നൽകി.

തുടക്കം മുതൽ ഗ്രൗണ്ടിൽ പോർച്ചുഗൽ മുന്നേറ്റ നിരയുടെ ആധിപത്യമായിരുന്നു. ഏതാനും അവസരങ്ങളിൽ കോംഗോയുടെ പ്രത്യാക്രമണം ഒതുങ്ങി. ആറാം മിനിറ്റിൽ പോർച്ചുഗല്‍ ആദ്യ ലീഡെടുത്തു. ഇടതു വിങ്ങിൽനിന്ന് പെദ്രോ നെറ്റോയുടെ ക്രോസിൽ തല വച്ച് കൃത്യമായി വലയിലെത്തിച്ചത് ജോവാ നെവസ്. തകർപ്പൻ ഹെഡറിലൂടെ പോർച്ചുഗൽ മുന്നിൽ. 11–ാം മിനിറ്റിൽ കോംഗോയുടെ പ്രത്യാക്രമണം പോർച്ചുഗലിനെ വിറപ്പിച്ചെങ്കിലും രക്ഷപെട്ടു. യോന വിസ്സയുടെ ഗോളിനായുള്ള ശ്രമം ലക്ഷ്യം കാണുന്നില്ല. ഇടം കാൽ ഷോട്ട് പോർച്ചുഗൽ പോസ്റ്റിന് സമീപത്തുകൂടെ പുറത്തേക്കു പോയി. 18–ാം മിനിറ്റിൽ പന്തുമായി കോംഗോ ബോക്സിലേക്ക് കുതിച്ച നുനോ മെന്‍ഡിസിന്റെ ഷോട്ട് കോംഗോ ഗോൾ കീപ്പർ തട്ടിയകറ്റി. ഡിഫ്ലക്ഷനിൽ പന്തു ലഭിച്ച ബ്രൂറോ ഫെർണാണ്ടസ് ഷോട്ടെടുത്തെങ്കിലും കോംഗോ പോസ്റ്റിന് ഭീഷണിയായില്ല.

പിന്നീട് 32–ാം മിനിറ്റിൽ പോർച്ചുഗലിന്റെ ഫോർവേഡ് പെദ്രോ നെറ്റോയെ ഫൗൾ ചെയ്തു വീഴ്ത്തിയതിന് കോംഗോ ക്യാപ്റ്റൻ ചാന്‍സൽ എംബെംബ യെല്ലോ കാർഡ് കണ്ടു. 33–ാം മിനിറ്റില്‍ കോംഗോ താരം എഡോ കയെംബെയുടെ ഷോട്ട് പോർച്ചുഗൽ ഗോൾ കീപ്പർ ഡിയേഗോ കോസ്റ്റ പിടിച്ചെടുത്തു. മത്സരത്തിന്റെ 37 മിനിറ്റുകൾ പിന്നിടുമ്പോൾ പോർച്ചുഗലിനും കോംഗോയ്ക്കും ഓൺ ടാർഗറ്റ് ഷോട്ടുകൾ ഒരെണ്ണം വീതമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഗ്രൗണ്ടിൽ പോർച്ചുഗലിന്റെ മുന്നേറ്റം പ്രകടമായിരുന്നു.

രണ്ടാം പകുതിക്ക് നാലു മിനിറ്റാണ് അധിക സമയമായി അനുവദിച്ചത്. കോംഗോ താരം ആർതര്‍ മസുവാക പെനാൽറ്റി ഏരിയയ്ക്കു പുറത്തുനിന്ന് കോംഗോയ്ക്ക് സമനില ഗോൾ പിടിക്കാനുള്ള അവസരം ഒരുക്കി നൽകിയിരുന്നു. എന്നാൽ സാമുവൽ മൊതുസ്സാമിയുടെ ഷോട്ട് ഗതിമാറി കോർണറിൽ കലാശിച്ചു. എന്നാല്‍ ആദ്യ പകുതി അവസാനിക്കും മുൻപേ കോംഗോ സമനില പിടിച്ചു. ആര്‍തർ മസുവാക്കയുടെ കോർണറിൽ യോനെ വിസ്സയുടെ ഹെഡർ ക‍ൃത്യമായി വലയിലെത്തി. സ്കോർ 1–1.


Leave a Reply

Your email address will not be published. Required fields are marked *