കേരളം-കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന വയനാട് ബൈരക്കുപ്പ പാലം യാഥാർഥ്യത്തിലേക്ക്
വയനാട്: കേരളം-കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന വയനാട് ബൈരക്കുപ്പ പാലം യാഥാർഥ്യത്തിലേക്ക്. കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറും സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.കെ ബഷീറും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. പാലം നിർമാണത്തിനാവശ്യമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാർ സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.കെ ബഷീറിന് ഉറപ്പ് നൽകി. പാലം നിർമാണം സംബന്ധിച്ച കാര്യങ്ങൾ ഉടൻ തന്നെ മന്ത്രിസഭാ യോഗത്തിൽ വെക്കുമെന്നും അതിനുള്ള നിർദേശങ്ങൾ നൽകിക്കഴിഞ്ഞെന്നും ഡി.കെ ശിവകുമാർ അറിയിച്ചു.
നാട്ടുകാരുടെ സ്വപ്നമായി അവശേഷിച്ച ബൈരക്കുപ്പ പാലത്തിനു പുറമെ മരക്കടവിലും പാലം നിർമിക്കാമെന്ന് കേരള–കർണാടക മന്ത്രിമാരും ജനപ്രതിനിധികളും ഉറപ്പുനൽകിയിരുന്നു. അത്യാവശ്യക്കാർക്ക് അതുവരെ ഉപയോഗിക്കാൻ തൂക്കുപാലം നിർമിക്കാമെന്ന് കേരള സർക്കാരും ഉറപ്പുനൽകിയിരുന്നു. ബൈരക്കുപ്പ പാലത്തിന് 1994 സെപ്റ്റംബർ 24ന് കേരള മുഖ്യമന്ത്രി കെ.കരുണാകരനും കർണാടക മുഖ്യമന്ത്രി എം.വീരപ്പമൊയ്‌ലിയും ചേർന്നാണ് തറക്കല്ലിട്ടത്.ഇരു സംസ്ഥാനങ്ങളിൽ നിന്നൊഴുകിയെത്തിയ ജനങ്ങളും നേതാക്കളും കബനിതീരത്ത് ഒത്തുകൂടിയത് നാട്ടിലെ പ്രധാനസംഭവമായിരുന്നു.
ബൈരക്കുപ്പപാലം പിന്നീട് തിരഞ്ഞെടുപ്പുകാലത്തെ ഒരു കാരണഭൂതനായി മാറി. തിരഞ്ഞെടുപ്പ് സമയത്ത് പാലം സജീവചർച്ചയാകും. നേതാക്കൾ പല വീരവാദങ്ങളും പറയുന്നതല്ലാതെ പാലം നിർമാണത്തിൽ ഒരിഞ്ചു പുരോഗതിയുണ്ടായിട്ടില്ല. പുഴയോരത്ത് പൊട്ടിത്തകർന്നുകിടന്ന ശിലാഫലകം ഈയിടെ പുതുക്കി സ്ഥാപിച്ചു. പാലം വന്നില്ലെങ്കിലും പാലമെന്ന ഓർമ അങ്ങിനെ ജനഹൃദയങ്ങളിൽ മായാതെ നിൽക്കുന്നു.
പുതിയ യുഡിഎഫ് മന്ത്രിസഭ അധാകാരത്തിലെത്തിയതോടെ ചർച്ചകൾക്ക് വീണ്ടും തുടക്കം കുറിച്ചത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീറിൻ്റെ നേത്രത്വത്തിലാണ് പുതിയ ചർച്ചകൾ നടക്കുന്നത്.



