Mon, 5 October 2026
Kerala

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ മരണം അഞ്ചായി; സംസ്ഥാനത്ത് മഴക്കെടുതിയില്‍ 9 മരണം

Newtalks Desk

മലപ്പുറം ചോക്കാട് പൂക്കോട്ടുപാടം ടി കെ നഗറിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ മൂന്നുപേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മരണം അഞ്ചായി. പൊട്ടിക്കല്‍ ഭാഗത്തു നിന്നാണ് തിരച്ചിലില്‍ മൃതദേഹം കണ്ടെത്തിയത്. കാണാതായ ഒരാള്‍ക്കായി പുഴയില്‍ തിരച്ചില്‍ തുടരുകയാണ്. ഒരു സ്ത്രീ ഉള്‍പ്പെടെ ആറു പേരാണ് അപകടത്തില്‍പ്പെട്ടത്.

ഇന്നലെ കണ്ടെത്തിയ രണ്ടു മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മലവെള്ളപ്പാച്ചിലില്‍ അപകടത്തില്‍പ്പെട്ടവരില്‍ അഞ്ചുപേര്‍ പുറത്തു നിന്നും വന്നവരാണെന്നും, ഒരു സ്ത്രീ മാത്രമാണ് പ്രദേശവാസിയായിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ടികെ കോളനി വെളുത്തേടത്ത് സഞ്ജയ് ദാസിന്റെ ഭാര്യ സജിത (26) യാണ് പുഴക്കടവില്‍ വസ്ത്രം അലക്കി കൊണ്ടിരിക്കെ ഒഴുക്കില്‍പ്പെട്ടത്.

ഇതോടെ സംസ്ഥാനത്ത് കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകലിലുണ്ടായ വിവിധ മഴക്കെടുതികളില്‍ മരണം ഒമ്പതായി ഉയര്‍ന്നു. വാഗമണ്‍ റോഡില്‍ വേലത്തുശ്ശേരിയില്‍ മണ്ണിടിച്ചിലില്‍ വിനോദസഞ്ചാരി മരിച്ചു. വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് തമിഴ്നാട് സ്വദേശിയായ സംഗീതയാണ് മരിച്ചത്. അടിമാലിയില്‍ മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് അഞ്ചു കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.

മണ്ണിടിച്ചിലിന്റെ സാഹചര്യത്തില്‍ ഇടുക്കിയില്‍ മലയോര മേഖലയില്‍ രാത്രികാല യാത്രാ നിരോധനം ഏര്‍പ്പെടുത്തി. വൈകീട്ട് ഏഴു മണി മുതല്‍ രാവിലെ 6 മണിവരെയാണ് നിയന്ത്രണം. സാഹസിക വിനോദ കേന്ദ്രങ്ങള്‍ അടയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട്.പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തുടർച്ചയായ മഴയിൽ ജലാശയങ്ങളിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽ പ്രത്യേക ജാഗ്രത നിർദേശം. കോട്ടയം, ഇടുക്കി പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

മരങ്ങൾക്കും വൈദ്യുതി ലൈനുകൾക്കും സമീപം ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു. സ്ഥിതിഗതികൾ മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്താനും അടിയന്തര ഒഴിപ്പിക്കൽ നടപടികൾക്കും നിർദ്ദേശം നൽകി മുഖ്യമന്ത്രി. ഇടുക്കി, കോട്ടയം ജില്ലകളിൽ എസ് എം എസ് അലർട്ടുകൾ നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദം രൂപപ്പെട്ടാൽ മഴ വീണ്ടും ശക്തമായേക്കും. എന്നാൽ 30 ഓടെ കാലവർഷം സംസ്ഥാനത്ത് നിന്ന് പിൻവാങ്ങുമെന്നാണ് വിലയിരുത്തൽ.


Leave a Reply

Your email address will not be published. Required fields are marked *