Mon, 5 October 2026
Kerala

ഇടുക്കിയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

Newtalks Desk

വട്ടവട: ഇടുക്കിയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. വട്ടവട കൊട്ടക്കമ്പൂരിൽ വനമേഖലയിലാണ് മണ്ണിടിച്ചിലുണ്ടായത്. ശക്തമായ മഴയിൽ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഷെഡിന് അകത്തുണ്ടായവരാണ് മരണപ്പെട്ടത്.

കൊട്ടക്കമ്പൂർ സ്വദേശികളായ ബാലകൃഷ്ണൻ,സഹോദരി ചിന്നു എന്നിവരാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റതായാണ് വിവരം.

ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച മഴ മേഖലയിൽ അതിശക്തമായി തുടരുകയായിരുന്നു. ഇതിനിടെയാണ് വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണത്. സംഭവ സമയത്ത് മൂന്ന് പേരാണ് വീട്ടിനുള്ളിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ ബാലകൃഷ്ണന്റെ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് ദിവസമായി പ്രദേശത്ത് അതിശക്തമായ മഴ തുടരുകയായിരുന്നു. ഉച്ചയ്ക്ക് മൂന്ന് മണിയോടെ ശീതകാല പച്ചക്കറി കൃഷി ചെയ്യുന്ന തട്ടുതട്ടായുള്ള കൃഷിയിടത്തിലെ ഷെഡിൽ കയറി ഇരിക്കുകയായിരുന്ന മൂന്നുപേരുടെ മുകളിലേക്ക് കനത്ത മഴയിൽ പെട്ടെന്ന് മണ്ണിടിഞ്ഞു വീഴുകയായിരുന്നു.

ഒറ്റപ്പെട്ട ഗ്രാമമായതിനാൽ ഇവിടേക്ക് എത്തിപ്പെടുക വളരെ ദുഷ്കരമായിരുന്നു. പ്രദേശവാസികൾ ചേർന്ന് മരിച്ചവരെയും പരിക്കേറ്റവരെയും ചുമന്നുകൊണ്ട് പുറത്തെത്തിക്കുകയായിരുന്നു.

സംഭവത്തിൽ ജില്ലാ ഭരണകൂടം കൂടുതൽ അന്വേഷണം നടത്തിവരികയാണ്. മേഖലയിൽ താത്കാലികമായി മഴ ശമിച്ചിട്ടുണ്ടെങ്കിലും വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ദുരന്തനിവാരണ അതോറിറ്റിയും ഭരണകൂടവും പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *