പുറത്ത് നില്‍ക്കടോ അങ്ങോട്ട്, നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരികയാണോ, ചോദ്യത്തോട് ക്ഷുപിതനായി പിണറായി വിജയൻ
ഇഡി റിപ്പോര്‍ട്ട് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ക്ഷുപിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.
ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത പിണറായി പുറത്ത് നില്‍ക്കടോ അങ്ങോട്ട്, നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരികയാണോയെന്നും കയർത്ത് ചോദിച്ചു. ചെങ്ങന്നൂര്‍ ഗസ്റ്റ് ഹൗസില്‍ വച്ചാണ് സംഭവം നടന്നത്.
അതേ സമയം സിഎംആര്‍എല്‍ – എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന ഇഡിയുടെ കത്തില്‍ നിയമപരമായ പരിശോധനകള്‍ നടത്തിയശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. തെളിവുകള്‍ വ്യക്തമായി പരിശോധിച്ച് നിയമപരമായ വഴിയിലൂടെ മാത്രമേ മുന്നോട്ടുപോകൂ എന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയനും മുന്‍മന്ത്രി മുഹമ്മദ് റിയാസിനും മകള്‍ ടി വീണയ്ക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്നാണ് ഇഡിയുടെ ആവശ്യം. സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ മകള്‍ വഴി 3.28 കോടി കൈക്കൂലി വാങ്ങിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
ഇഡിയുടെ കത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ധാരണ
സിഎംആര്‍എല്‍ – എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ്, ഭാര്യ ടി വീണ എന്നിവര്‍ക്കെതിരെ കേസ് എടുക്കണമെന്ന ഇഡിയുടെ കത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ധാരണയായി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വിശദമായ ചര്‍ച്ച നടത്തി. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ കേസ് എടുക്കേണ്ടിവരുമെന്നാണ് ചര്‍ച്ചയിലെ നിഗമനം. കോടികളുടെ കൈക്കൂലി ചൂണ്ടിക്കാണിക്കുന്നതിനാല്‍ വിജിലന്‍സിന് കൈമാറുന്നതാണ് ഉചിതമെന്നും വിലയിരുത്തലുണ്ട്. നേരിട്ട് കേസ് എടുക്കണമോ, പ്രാഥമിക അന്വേഷണത്തിനുശേഷം കേസ് എടുത്താല്‍ മതിയോ എന്ന കാര്യത്തില്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലില്‍ നിന്ന് സര്‍ക്കാര്‍ നിയമോപദേശം തേടി. ഉടൻ അന്വേഷണം പ്രഖ്യാപിച്ചേക്കും.
ഇഡിയുടെ അന്വേഷണത്തിനിടെ അനുബന്ധ കുറ്റകൃത്യങ്ങളില്‍ ലഭിക്കുന്ന തെളിവുകള്‍ പിഎംഎല്‍എ വകുപ്പ് 66(രണ്ട്) പ്രകാരം അതത് അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറുന്നതാണ് ചട്ടം. തുടര്‍നടപടി തീരുമാനം എടുക്കാനുള്ള പൂര്‍ണ അധികാരം കത്ത് ലഭിക്കുന്ന അന്വേഷണ ഏജന്‍സികള്‍ക്കാണ്. ഇഡി നല്‍കുന്ന വിവരങ്ങള്‍ അന്വേഷണത്തിനുള്ള പ്രാഥമിക വിവരങ്ങളായേ കണക്കാക്കൂ. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം മുന്നോട്ടുകൊണ്ടുപോകേണ്ടത് ഏജന്‍സി സ്വന്തം നിലയില്‍ കണ്ടെത്തുന്ന തെളിവുകളുടെയും മൊഴികളുടെയും ബലത്തിലാവണം.



