കേരളക്കരയെ ഇളക്കിമറിച്ച് ഫുട്ബോൾ മാമാങ്കം; ആവേശക്കടലായി മലപ്പുറം, ഫ്ലക്സ് യുദ്ധവുമായി തെരുവോരങ്ങൾ!
മലപ്പുറം: ലോകം മുഴുവൻ ഫിഫ വേൾഡ് കപ്പിന്റെ ഫുട്ബോൾ ലഹരിയിലേക്ക് ഉണരുമ്പോൾ, പതിവുപോലെ ആവേശം വാനോളമുയർത്തി മലയാളികളുടെ സ്വന്തം ഫുട്ബോൾ മക്കയായ മലപ്പുറം ജില്ല. ഗ്രാമങ്ങളെന്നോ നഗരങ്ങളെന്നോ ഭേദമില്ലാതെ, മലപ്പുറത്തിന്റെ ഓരോ തെരുവോരങ്ങളും ഇപ്പോൾ പ്രിയപ്പെട്ട ടീമുകളുടെ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി നിൽക്കുകയാണ്.
ജില്ലയിലെ വിപണികളും കവലകളും ഇപ്പോൾ പൂർണ്ണമായും ഫുട്ബോൾ ആരാധകരുടെ ആവേശക്കോട്ടയായി മാറിയിരിക്കുന്നു. അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ വമ്പൻ ടീമുകളുടെ കൂറ്റൻ ഫ്ലക്സ് ബോർഡുകളും തോരണങ്ങളും കൊണ്ട് തെരുവുകൾ നിറഞ്ഞു കഴിഞ്ഞു. കഴിഞ്ഞ തവണ ഖത്തറിന്റെ മണ്ണിൽ ലോകകിരീടമുയർത്തി കനകസിംഹാസനത്തിൽ ഇരിക്കുന്ന നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് ഇത്തവണയും മലപ്പുറത്ത് വലിയ ജനപിന്തുണയാണുള്ളത്. തങ്ങളുടെ പ്രിയതാരം ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ കിരീടം നിലനിർത്താൻ അവർക്കാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് അർജന്റീനൻ ആരാധകർ.
അതേസമയം, കാനറപ്പടയുടെ സുന്ദരമായ കളിയഴകുമായി എത്തുന്ന അഞ്ചുതവണത്തെ ലോകചാമ്പ്യന്മാരായ ബ്രസീലും ഇത്തവണ കപ്പിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. നെയ്മറുടെ മാന്ത്രിക നീക്കങ്ങളും യുവനിരയുടെ കരുത്തുമായി അവർ കളം നിറയുമ്പോൾ മലപ്പുറത്തെ തെരുവുകളിൽ മഞ്ഞയും പച്ചയും കൊടികൾ വാനോളമുയരുകയാണ്. ഇതിനൊപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും, കരുത്തരായ ഫ്രാൻസും ജർമ്മനിയുമെല്ലാം കനത വെല്ലുവിളിയുമായി ഒപ്പത്തിനൊപ്പമുണ്ട്. പ്രവചനാതീതമായ ഈ പോരാട്ടത്തിൽ ആര് കിരീടം ചൂടുമെന്ന ചർച്ചകളാൽ സജീവമാണ് മലപ്പുറത്തെ കവലകൾ. മെസ്സി, നെയ്മർ, റൊണാൾഡോ, എംബാപ്പെ തുടങ്ങിയ സൂപ്പർ താരങ്ങളുടെ കട്ടൗട്ടുകൾക്ക് മുന്നിൽ തങ്ങളുടെ ടീമുകൾക്കായി ജയ്വിളിക്കുന്ന ആരാധകക്കൂട്ടങ്ങൾ മലപ്പുറത്തിന്റെ ഫുട്ബോൾ ഭ്രാന്തിനും ആവേശത്തിനും മാറ്റുകൂട്ടുന്നു.
ഒരു യുഗത്തിന്റെ അവസാനം കുറിച്ചുകൊണ്ട് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും അടക്കമുള്ള ഫുട്ബോളിലെ ഉന്നത താരങ്ങൾ തങ്ങളുടെ കരിയറിലെ അവസാന ലോകകപ്പിനാകും ഇത്തവണ ബൂട്ട് കെട്ടുന്നത് എന്ന പ്രത്യേകതയും ഈ മാമാങ്കത്തിനുണ്ട്. ലോകം കണ്ട ഏറ്റവും മികച്ച ഈ ഇതിഹാസ താരങ്ങൾ അന്താരാഷ്ട്ര ഫുട്ബോളിന്റെ വലിയ വേദിയിൽ നിന്നും വിടപറയാൻ സാധ്യതയുള്ള ഈ ലോകകപ്പിൽ, ഇവർക്ക് പകരക്കാരായി പുതിയൊരു മെസ്സിയും പുതിയൊരു നെയ്മറും റൊണാൾഡോയും ഒക്കെ ഈ പുൽമൈതാനങ്ങളിൽ പിറവിയെടുക്കുമോ എന്ന് നമുക്ക് കാത്തിരുന്നു തന്നെ കാണാം!
ആഡംബരത്തിനപ്പുറം നന്മയുടെ പ്രതീകങ്ങളായി പ്രാദേശിക ക്ലബ്ബുകൾ
ലോകകപ്പ് കാലത്ത് ഫ്ലക്സ് ബോർഡുകളും തോരണങ്ങളുമായി വലിയ രീതിയിൽ ആഡംബരങ്ങൾ തീർക്കാറുണ്ടെങ്കിലും, ഈ ക്ലബ്ബുകളിലെ യുവാക്കൾ കേവലം ഫുട്ബോൾ ആരാധകർ മാത്രമല്ല എന്ന് തെളിയിച്ചവരാണ്. നാട് പ്രതിസന്ധികളിലൂടെ കടന്നുപോയ കൊറോണ കാലത്തും, ഭീതി വിതച്ച വെള്ളപ്പൊക്ക സമയത്തുമൊക്കെ സ്വന്തം ജീവൻ പോലും പണയം വെച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി മുന്നിട്ടിറങ്ങിയത് ഇതേ ക്ലബ്ബുകളിലെ കരുത്തുറ്റ യുവാക്കളായിരുന്നു. നാട്ടിൽ എന്ത് ആവശ്യമുണ്ടായാലും തങ്ങളുടെ കഠിനാധ്വാനം കൊണ്ടും സ്നേഹം കൊണ്ടും തുണയാകുന്ന ഈ യുവതലമുറ നാടിന്റെ യഥാർത്ഥ കരുത്താണ്.
ലഹരിക്കെതിരെ സ്പോർട്സ് എന്ന പ്രതിരോധം
ഇന്നത്തെ കാലത്ത് യുവാക്കളെ തെറ്റായ വഴികളിലേക്കും ലഹരിയിലേക്കും നയിക്കുന്ന പ്രവണതകൾ കൂടിവരുമ്പോൾ, ഒരു പരിധി വരെ അതിനെ തടഞ്ഞു നിർത്താൻ ഇത്തരം കായിക കൂട്ടായ്മകൾക്ക് സാധിക്കുന്നുണ്ട്. ഫുട്ബോൾ നൽകുന്ന ലഹരി യുവാക്കളെ ഒരുമിച്ചു നിർത്താനും, അവരിൽ നല്ലൊരു കായിക സംസ്കാരം വളർത്തിയെടുക്കാനും സഹായിക്കുന്നു. കളിക്കളത്തിലെ ഈ കൂട്ടായ്മയും സ്പിരിറ്റും അവരെ സമൂഹത്തിന് ഉപകാരമുള്ള നല്ല വ്യക്തികളാക്കി മാറ്റുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഫ്ലക്സ് ബോർഡുകളുടെ മത്സരങ്ങൾക്കപ്പുറം പരസ്പര സ്നേഹവും സൌഹൃദവും കാത്തുസൂക്ഷിക്കുന്ന മലപ്പുറത്തെ ഫുട്ബോൾ പ്രേമികൾ ഈ ലോകകപ്പ് കാലത്തെ ഏറെ ആകാംഷയോടെയാണ് വരവേൽക്കുന്നത്.



