റിസർവേഷൻ ടിക്കറ്റുണ്ടായിട്ടും യാത്രക്കാരിയെ അർധരാത്രി ട്രെയിനിൽ നിന്ന് ഇറക്കിവിട്ടു, യാത്രക്കാരിക്ക് 2 ലക്ഷം രൂപ നഷ്ടപരിഹാരം
തിരുവനന്തപുരം: റിസർവേഷൻ ടിക്കറ്റുണ്ടായിട്ടും യാത്രക്കാരിയെ അർധരാത്രി ട്രെയിനിൽ നിന്ന് ഇറക്കിവിട്ട് കേസെടുത്ത സംഭവത്തിൽ റെയിൽവേക്ക് പിഴ ചുമത്തി മനുഷ്യാവകാശ കമീഷൻ. ഇറക്കിവിട്ടതിനു പിന്നാലെ ടിക്കറ്റില്ലാതെ യാത്ര ചെയ്തെന്ന് പറഞ്ഞ് യാത്രക്കാരിയെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഒരു മാസത്തിനകം റെയിൽവേ നഷ്ടപരിഹാരം നൽകണമെന്നാണ് കമ്മീഷൻ്റെ ഉത്തരവ്.
സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്ന് അന്വേഷണം നടത്തി ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർക്ക് പിഴ തുക നിയമപ്രകാരം ഈടാക്കാവുന്നതാണെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവിൽ പ്രസ്താവിക്കുന്നു. തുക നൽകിയ ശേഷം കമീഷനെ രേഖാമൂലം അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
2023 ജൂലൈ 30 ന് 16348 നമ്പർ ട്രെയിനിൽ വടക്കാഞ്ചേരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ടിക്കറ്റ് റിസർവ് ചെയ്ത, തിരുവനന്തപുരത്ത് താമസിക്കുന്ന തൃശൂർ എരുമപ്പെട്ടി സ്വദേശിനി കെ. ജയസ്മിതയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. S 4 കംപാർട്ട്മെന്റിൽ 41-ാം നമ്പർ ബർത്ത് ലഭിച്ച യാത്രക്കാരി ബർത്തിലെത്തുമ്പോൾ അത് മറ്റൊരാൾക്ക് അനുവദിച്ചതായി കണ്ടെത്തി. തുടർന്ന് പരാതിയുമായി ടി.ടി.ഇയെ കണ്ടപ്പോൾ തന്റെ ടിക്കറ്റ് വെബിൽ കാൻസൽ ചെയ്തിട്ടുള്ളതായി അറിയാൻ കഴിഞ്ഞു. താൻ തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്ന് നേരിട്ടെടുത്ത ടിക്കറ്റ് ഓൺലൈനായി കാൻസൽ ചെയ്യുന്നത് എങ്ങനെയാണെന്ന് ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ല.
തുടർന്ന് 500 രൂപ പിഴ നൽകിയാൽ മറ്റൊരു ബർത്ത് അനുവദിക്കാമെന്ന് ടി.ടി.ഇ യാത്രക്കാരിയെ അറിയിക്കുകയായിരുന്നു. എന്നാൽ, യാത്രക്കാരിയുടെ കൈയിൽ പണമായി നൽകാൻ 500 രൂപ ഉണ്ടായിരുന്നില്ല. തന്റെ അറിവോ സമ്മതമോ ഇല്ലാതെ തന്റെ ടിക്കറ്റ് കാൻസൽ ചെയ്തയാളുടെ വിവരങ്ങൾ ചോദിച്ചെങ്കിലും ടി.ടി.ഇ മറുപടി നൽകിയില്ല. അർധരാത്രിയായതിനാൽ ട്രെയിനിൽ നിന്നും ഇറക്കി വിടരുതെന്ന് അപേക്ഷിച്ചെങ്കിലും ടി.ടി.ഇ ചെവിക്കൊണ്ടില്ലെന്നും മോശമായി പെരുമാറിയെന്നും പരാതിയിൽ പറഞ്ഞിരുന്നു.
ട്രെയിൻ ആലുവയിലെത്തിയപ്പോൾ യാത്രക്കാരിയെ ആർ.പി.എഫ് ഉദ്യോഗസ്ഥരെ ഏൽപ്പിക്കുകയും അവർ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. കേസ് തെറ്റായി രജിസ്റ്റർ ചെയ്തതാണെന്ന് മനസ്സിലായ ആർ.പി.എഫ് പിന്നീട് കേസ് പിൻവലിച്ചു. യാത്രക്കാരി പരാതി നൽകിയതിനെ തുടർന്ന് സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ നടത്തിയ അന്വേഷണത്തിൽ പരാതിക്കാരി റിസർവേഷൻ ഫോമിൽ എഴുതിനൽകിയ മൊബൈൽ ഫോൺ നമ്പറിൽ ഒരക്കം ബുക്കിങ് സൈറ്റിൽ മാറിയെന്ന് കണ്ടെത്തി.
ടിക്കറ്റ് റിസർവേഷനുമായി ബന്ധപ്പെട്ട് മെസേജ് മാറിയ നമ്പറിലേക്കാണ് പോയത്. മെസേജ് ലഭിച്ചയാൾ താൻ ബുക്ക് ചെയ്യാത്ത ടിക്കറ്റ് ഓൺലൈനായി കാൻസൽ ചെയ്തു. എന്നാൽ, താൻ റിസർവേഷൻ ഫോമിൽ എഴുതിയത് തന്റെ നമ്പറാണെന്നും തെറ്റ് സംഭവിച്ചത് ബുക്കിങ് ക്ലർക്കിനാണെന്നും പരാതിക്കാരി പറഞ്ഞിരുന്നു.
റെയിൽവെ ആക്ടിലെ സെക്ഷൻ 139 പ്രകാരം ഒറ്റക്ക് യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ അർധരാത്രി ട്രെയിനിൽ നിന്ന് ഇറക്കിവിട്ട നടപടി തെറ്റാണെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറയുന്നു. ആർ.പി.എഫ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിന്റെ പേരിൽ സർക്കാറിലുണ്ടായിരുന്ന കരാർ ജോലി പരാതിക്കാരിക്ക് നഷ്ടമായിരുന്നു.
ഇതിനെതിരെ പരാതിക്കാരി സർക്കാറിന് അപേക്ഷ നൽകണമെന്ന് കമീഷൻ നിർദേശിച്ചു, അപേക്ഷയിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഒരു മാസത്തിനകം തീരുമാനമെടുക്കണം. നഷ്ടപരിഹാര തുക ആറാഴ്ചക്കകം നൽകിയില്ലെങ്കിൽ എട്ട് ശതമാനം പലിശ നൽകണമെന്നും ഉത്തരവിൽ പ്രസ്താവിക്കുന്നു.



