Sat, 12 September 2026
World

വെള്ളപ്പൊക്ക ദുരന്തത്തിനിടയിലും വന്‍ മോഷണം, 29 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

Newtalks Desk

നേപ്പാളിലെ വെള്ളപ്പൊക്ക ദുരന്തത്തിനിടയിലും വന്‍ മോഷണം. ഒഴുക്കില്‍പ്പെട്ട ബാങ്ക് ലോക്കര്‍ തകര്‍ത്താണ് ലക്ഷങ്ങള്‍ മോഷ്ടിച്ചത്. റസുവ ജില്ലയിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് 29 പേരെ ഇതിനോടകം പൊലീസ് അറസ്റ്റ് ചെയ്തു. 

ശക്തമായ വെള്ളപ്പൊക്കത്തിലാണ് ഭോട്ടെകോശി മേഖലയിലുണ്ടായ ബാങ്കിന്‍റെ ലോക്കര്‍ വെള്ളത്തിൽ ഒലിച്ചുപോയത്. പിന്നീട് ദിവസങ്ങള്‍ക്കുശേഷം ഈ ലോക്കര്‍ ധാഡിങ് ജില്ലയിലെ ഗല്‍ച്ചി റൂറല്‍ മുനിസിപ്പാലിറ്റിക്ക് സമീപത്തെ ത്രിഷൂലി നദീത്തീരത്ത് വന്നടിയുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും ആരോ ലോക്കര്‍ തുറന്ന് പണമെല്ലാം മോഷ്ടിച്ചിരുന്നു. തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി തെളിപെടുപ്പ് നടത്തി. പ്രാഥമിക അന്വേഷണത്തില്‍ 29 പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഇവരില്‍ നിന്ന് 92,68,505 നേപ്പാളി രൂപ (ഏകദേശം 57 ലക്ഷം രൂപ) പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

പൊലീസ് നല്‍കിയ വിവരമനുസരിച്ച് കസ്റ്റഡിയിലുള്ളവരിൽ ഭൂരിഭാഗം പേരും നേപ്പാളില ഗാൽച്ചി-4 ലെ മാസ്റ്റാർ നിവാസികളാണ്. ചിലർ ഗാൽച്ചി-6 ലെ ആദംഘട്ടിൽ നിന്നും സിദ്ധാലേഖ്-7 ലെ ആദംതാറിൽ നിന്നുമുള്ളവരാണ്. മറ്റു ചിലർ യഥാർത്ഥത്തിൽ ചിറ്റ്‌വാൻ, പാർസ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെങ്കിലും നിലവിൽ ധാഡിങിലാണ് താമസിക്കുന്നത്. 19-49 നും ഇടയിൽ പ്രായമുള്ളവയൊണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

‌‌‌സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. അതേസമയം, നേപ്പാളിൽ നാണക്കേടായി പ്രളയവുമായി ബന്ധപ്പെട്ട മറ്റൊരു മോഷണക്കേസ് കൂടി പുറത്തുവന്നിരുന്നു. പ്രളയജലത്തിൽപ്പെട്ട് നാരായണി നദിയിലേക്ക് ഒഴുകിപ്പോയ ഒരു സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് സ്വർണ കമ്മലുകൾ ഊരിയെടുത്തെന്നാരോപിച്ച് രണ്ട് പേരെ നേരത്തെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്നാണ് പൊലീസ് ഉടൻ നടപടി സ്വീകരിച്ചത്. പ്രളയത്തിൽ ഒഴുകിപ്പോയ സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് രണ്ട് പേർ സ്വർണ കമ്മലുകൾ നീക്കം ചെയ്യുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുണ്ടായിരുന്നത്.

കനത്ത സുരക്ഷയിൽ വൻ രക്ഷാപ്രവർത്തനം

കൊടുംതണുപ്പും പ്രതികൂല സാഹചര്യങ്ങളും അതിജീവിച്ചാണ് സേനാംഗങ്ങള്‍ ദുരന്തമേഖലയില്‍ പ്രവൃത്തിക്കുന്നത്. 6755 കരസേനാംഗങ്ങള്‍, 4473 പോലീസുകാർ, 4203 ആംഡ് പോലീസ് അംഗങ്ങള്‍ എന്നിവർ ഉള്‍പ്പെടെ 15431 സുരക്ഷാ ജീവനക്കാരാണ് നിലവില്‍ രക്ഷാപ്രവർത്തനത്തിന്റെ മുൻനിരയിലുള്ളത്.

ഇതുവരെ 4500-ലേറെ ആളുകളെ ദുരന്തമേഖലകളില്‍നിന്നു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പ്രളയത്തില്‍ വിവിധ ഹൈഡ്രോ പവർ ടണലുകളില്‍ കുടുങ്ങിപ്പോയ 191 തൊഴിലാളികളെ പ്രത്യേക സംഘം സാഹസികമായി രക്ഷപ്പെടുത്തി. സേനയുടെയും സ്വകാര്യ ഏജൻസികളുടെയും 16 ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച്‌ ദുഞ്ചെ, ത്രിശൂലി, തിമുറെ, സ്യാബ്രുബെസി തുടങ്ങി ഒറ്റപ്പെട്ടുപോയ മേഖലകളില്‍നിന്ന് 517 പേരെ വ്യോമമാർഗം സുരക്ഷിതകേന്ദ്രങ്ങളിലെത്തിച്ചു. ഇതിനായി നൂറിലേറെ ഹെലികോപ്റ്റർ ദൗത്യങ്ങളാണു പൂർത്തിയാക്കിയത്.


Leave a Reply

Your email address will not be published. Required fields are marked *