മിന്നല്‍പ്രളയത്തിന് പിന്നാലെ ദുരന്തമുഖത്ത് നിന്ന് പുറത്തുവരുന്നത് ക്രൂരമായ മോഷണത്തിൻ്റെ വാർത്തകൾ; മൃതദേഹത്തില്‍ നിന്ന് സ്വർണ്ണക്കമ്മലുകള്‍ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
നേപ്പാളില്‍ ഉണ്ടായ മിന്നല്‍പ്രളയത്തിന് പിന്നാലെ ദുരന്തമുഖത്ത് നിന്ന് പുറത്തുവരുന്നത് ക്രൂരമായ മോഷണത്തിൻ്റെ വാർത്തകളാണ്.
നാരായണി നദിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയ ഒരു സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വർണ്ണക്കമ്മലുകള്‍ മോഷ്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സംഭവത്തിൽ രണ്ട് പേരെ നേപ്പാള്‍ പോലീസ് അറസ്റ്റ് ചെയ്തു. പ്രളയക്കെടുതിയില്‍ രാജ്യം വിറങ്ങലിച്ചു നില്‍ക്കുമ്പോഴാണ് മസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരമായ സംഭവം നടന്നത്. മറുവശത്ത് പ്രളയം ബാധിച്ച മേഖലയില്‍ നിന്ന് ജീവനോടെ രക്ഷപ്പെടുത്തിയ ഇരട്ടക്കുട്ടികളുടെ ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.
പ്രളയജലത്തില്‍ ഒഴുകിയെത്തിയ മൃതദേഹത്തില്‍ നിന്ന് രണ്ട് പേർ ചേർന്ന് സ്വർണ്ണക്കമ്മലുകള്‍ ഊരിയെടുക്കുന്നതിൻ്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി കർശനമാക്കിയത്. 41 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ, സാമൂഹിക മാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർത്തിയിരുന്നു. നേപ്പാള്‍ പോലീസും തങ്ങളുടെ ഔദ്യോഗിക പേജിലൂടെ പങ്കുവെച്ചിരുന്നു. നദിയിലൂടെ ഒഴുകിയെത്തിയ യുവതിയുടെ മൃതദേഹം മുടിയില്‍ പിടിച്ചുവലിച്ചും, മരത്തടികള്‍ ഉപയോഗിച്ചും കരയ്ക്കടുപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. പിന്നാലെ ഇരുവരും ചേർന്ന് മൃതദേഹത്തില്‍ നിന്നും കമ്മലുകള്‍ ഊരിയെടുത്ത് മാറ്റിവെക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണുന്നുണ്ട്.
ഈ മനുഷ്യത്വരഹിതമായ പ്രവൃത്തി നടക്കുമ്പോള്‍ നിരവധി ആളുകള്‍ ചുറ്റുമുണ്ടായിരുന്നു. എന്നാല്‍ ആരും ഈ പ്രവർത്തിയെ തടയാൻ ശ്രമിച്ചില്ല എന്നതാണ് ഞെട്ടിക്കുന്ന വാർത്ത. ആളുകള്‍ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകർത്തുന്ന തിരക്കിലായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിയ ചിത്വാൻ പോലീസ്, മിന്നല്‍പ്രളയത്തില്‍ പെട്ട് നാരായണി നദിയിലേക്ക് ഒഴുകിയെത്തിയ ഒരു അജ്ഞാത മൃതദേഹമാണ് ഇതെന്ന് സ്ഥിരീകരിച്ചു.
ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ ഇതിനോടകം പോലീസ് പിടികൂടിയിട്ടുണ്ട്. 25 വയസ്സുകാരനായ മദൻ ഗുരുങ്, 38 വയസ്സുകാരനായ ഉമേഷ് ചൗധരി എന്നിവരാണ് പിടിയിലായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരം ദുരന്തങ്ങള്‍ക്കിടയില്‍ ഇരകളെ ലക്ഷ്യമിട്ടുള്ള മോഷണമോ മറ്റ് മനുഷ്യത്വരഹിതമായ പ്രവർത്തികളോ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും കർശന നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
അതേസമയം, ദുരന്തവാർത്തകള്‍ക്കിടയിലും മനസ്സിന് ആശ്വാസം നല്‍കുന്ന നിരവധ വീഡിയോകളും നേപ്പാളില്‍ നിന്ന് പുറത്തുവന്നിട്ടുണ്ട്. പ്രളയബാധിത മേഖലയില്‍ നിന്ന് ജീവനോടെ രക്ഷപ്പെടുത്തിയ പിഞ്ചുകുഞ്ഞുങ്ങളായ ഇരട്ടകളെ നേപ്പാള്‍ സൈനികർ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടിയിടുണ്ട്. ദുരന്തഭൂമിയില്‍ നിന്ന് കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം സൈനികർ അവർക്ക് ആവശ്യമായ പരിചരണം നല്‍കുന്ന ദൃശ്യങ്ങള്‍ ആരുടെയും കണ്ണ് നനയിക്കുന്നതായിരുന്നു.
പ്രളയത്തില്‍ ജീവൻ നഷ്ടമായവരുടെ എണ്ണം 469 കടന്നതായാണ് റിപ്പോർട്ട്. 1400-ഓളം ആളുകളെ കാണാതായെന്നാണ് വിവരം. ദുരന്തത്തില്‍ കുറഞ്ഞത് 288 ഇന്ത്യക്കാരെ ഇനിയും കണ്ടെത്താനുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ, 200-ഓളം ഇന്ത്യക്കാർ അതിർത്തിയുടെ ചൈനീസ് ഭാഗത്ത് കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്. ഇവരെ രക്ഷപ്പെടുത്തുന്നതിനായി ഇരു രാജ്യങ്ങളിലെയും അധികൃതരുമായി നിരന്തരം ആശയവിനിമയം നടത്തിവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.



