Sat, 12 September 2026
Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം: പിടികൂടാനെത്തിയ ആർ.പി.എഫ് ഉദ്യോഗസ്ഥനെ തലയ്ക്കടിച്ച് വീഴ്ത്തി, പ്രതിയെ സാഹസികമായി പിടികൂടി

Newtalks Desk

തിരൂർ: കോയമ്പത്തൂർ-മംഗലാപുരം ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അസം സ്വദേശിയായ റോയൽ രാജു (30) ആർ.പി.എഫിന്റെ പിടിയിലായി. പ്രതിയെ കീഴടക്കുന്നതിനിടെ ആക്രമണത്തിൽ പരുക്കേറ്റ ആർ.പി.എഫ് എ.എസ്.ഐ ശശിയെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് ട്രെയിൻ ഷൊർണൂർ റെയിൽവേ സ്റ്റേഷൻ വിട്ട ശേഷമായിരുന്നു സംഭവം നടന്നത്. യുവതിയെ ബലമായി കയറിപ്പിടിക്കുകയും ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ, യുവതി സമർത്ഥമായി കുതറിമാറി രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് സഹയാത്രികർ ആർ.പി.എഫ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടർന്ന് ‘റെയിൽവേ അലർട്ട്’ സന്ദേശം ലഭിച്ച ആർ.പി.എഫ് ഉദ്യോഗസ്ഥർ തിരൂർ സ്റ്റേഷനിൽ വെച്ച് പ്രതിയെ തടഞ്ഞുവെക്കാൻ ശ്രമിച്ചു. ഇതിനിടെ അക്രമാസക്തനായ പ്രതി, ആർ.പി.എഫ് എ.എസ്.ഐ ശശിയെ തലയ്ക്കടിച്ച് വീഴ്ത്തി രക്ഷപ്പെടാൻ ശ്രമിച്ചു.

ഉടൻ തന്നെ തിരൂർ പൊലീസിൽ വിവരമറിയിക്കുകയും എസ്.എച്ച്.ഒ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി.  പൊലീസിന് നേരെയും അക്രമാസക്തനായ പ്രതിയെ മൽപിടുത്തത്തിനൊടുവിലാണ് സാഹസികമായി പിടിക്കൂടിയത്.

ആക്രമണത്തിൽ പരുക്കേറ്റ കാസർകോട് സ്വദേശിയായ ആർ.പി.എഫ് എ.എസ്.ഐ ശശി, മികച്ച സേവനത്തിനുള്ള 2026-ലെ ‘റെയിൽ സേവാ പുരസ്‌കാരം’ ലഭിച്ച ഉദ്യോഗസ്ഥനാണ്. ഇദ്ദേഹം നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.


Leave a Reply

Your email address will not be published. Required fields are marked *