Sun, 13 September 2026
IndiaKerala

4,000 കിലോമീറ്റർ നീണ്ട സാഹസിക തിരച്ചിൽ: നക്സൽ ബാധിത മേഖലയിൽനിന്ന് കാണാതായ 13-കാരിയെ വീണ്ടെടുത്ത് കേരള പോലീസ്

Newtalks Desk

കൊച്ചി: കാണാതായ പതിമൂന്നുകാരിയായ പെൺകുട്ടിയെ തേടി നാലായിരത്തോളം കിലോമീറ്റർ സഞ്ചരിച്ച് കേരള പോലീസ് നടത്തിയ സാഹസിക ദൗത്യത്തിനൊടുവിൽ പെൺകുട്ടിക്ക് മോചനം. എറണാകുളം റൂറൽ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഒഡീഷയിലെ വിദൂര ഗ്രാമത്തിൽനിന്ന് പെൺകുട്ടിയെ സുരക്ഷിതമായി കണ്ടെത്തുകയും കസ്റ്റഡിയിലെടുത്ത യുവാവിനൊപ്പം കേരളത്തിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്തത്.

​കുറുപ്പമ്പടി പോലീസ് സ്റ്റേഷൻ അതിർത്തിയിൽ താമസിച്ചിരുന്ന ഒഡീഷ സ്വദേശികളായ ദമ്പതികളുടെ മകളെ ഓഗസ്റ്റ് 13-നാണ് കാണാതായത്. അന്നു വൈകുന്നേരം ആറുമണിയോടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഉടൻതന്നെ കേസ് രജിസ്റ്റർ ചെയ്യുകയും വ്യാപകമായ തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. പെൺകുട്ടിയുടെ വീടിന്റെ പരിസരങ്ങളിലും സമീപപ്രദേശങ്ങളിലും പോലീസ് പ്രാഥമിക പരിശോധന നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല.

​തുടർന്ന് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. അന്വേഷണത്തിനിടെ തമിഴ്‌നാട്ടിലെ സേലത്ത് ജോലി ചെയ്യുന്ന കേശവ് എന്നയാളിലേക്ക് പോലീസിന്റെ ശ്രദ്ധതിരിഞ്ഞു. പോലീസ് സംഘം സേലത്തെത്തി ഇയാളെ ചോദ്യം ചെയ്തതോടെയാണ് പെൺകുട്ടിക്ക് ഒഡീഷ സ്വദേശിയായ ഒരു യുവാവുമായി സൗഹൃദമുണ്ടെന്ന നിർണായക വിവരം ലഭിക്കുന്നത്. എന്നാൽ, ഈ യുവാവിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായതിനാൽ അന്വേഷണം വീണ്ടും പ്രതിസന്ധിയിലായി.

​കേസിന്റെ ഗൗരവം കണക്കിലെടുത്ത് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിച്ച് അന്വേഷണം വിപുലീകരിച്ചു. ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ അലോക് എന്ന യുവാവിനൊപ്പം പെൺകുട്ടിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 18-ന് അന്വേഷണ സംഘം ഒഡീഷയിലെത്തി.

​എന്നാൽ, യഥാർത്ഥ വെല്ലുവിളികൾ കാത്തിരുന്നത് ഒഡീഷയിലായിരുന്നു. പെൺകുട്ടിയുള്ള പ്രദേശം നക്സൽ ബാധിത മേഖലയായതിനാൽ പകൽ സമയത്ത് പോലീസ് വാഹനങ്ങളിൽ ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നത് അപകടനരമായിരിക്കുമെന്ന് പ്രാദേശിക ഭഞ്ചനഗർ പോലീസ് മുന്നറിയിപ്പ് നൽകി. തുടർന്ന്, സായുധരായ പ്രാദേശിക പോലീസുകാരുടെ സഹായത്തോടെ അർദ്ധരാത്രിയിൽ ദൗത്യം നടപ്പിലാക്കാൻ തീരുമാനിക്കുകയായിരുന്നു. കേരള പോലീസ് സംഘത്തിനും സുരക്ഷയ്ക്കായി ആയുധങ്ങൾ കൈമാറി.

​വനമേഖലയിലൂടെ 40 കിലോമീറ്ററോളം സഞ്ചരിച്ചാണ് സംയുക്ത സംഘം ഗ്രാമത്തിന് സമീപമെത്തിയത്. ഗ്രാമീണർ ശ്രദ്ധിക്കാതിരിക്കാൻ വാഹനങ്ങൾ ഒരു കിലോമീറ്റർ അകലെ പാർക്ക് ചെയ്ത ശേഷം, കാട്ടുപാതയിലൂടെ വരിവരിയായി നടന്ന് പോലീസ് പെൺകുട്ടിയുള്ള വീട്ടിലേക്ക് നീങ്ങി.

​വീട് വളഞ്ഞ് പെൺകുട്ടിയെ പുറത്തെത്തിക്കുന്നതിനിടെ പ്രദേശവാസികൾ ഉണരുകയും പോലീസുമായി തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. കടുത്ത പ്രകോപനങ്ങളും സംഘർഷാവസ്ഥയും നിലനിന്നിരുന്നിട്ടും, സാമർത്ഥ്യത്തോടെ പെൺകുട്ടിയെ പോലീസ് സുരക്ഷിതമായി മോചിപ്പിച്ചു. പെൺകുട്ടിയെയും അലോക് എന്ന യുവാവിനെയും ആദ്യം ഭഞ്ചനഗർ പോലീസ് സ്റ്റേഷനിലെത്തിക്കുകയും, പിന്നീട് നടപടികൾ പൂർത്തിയാക്കി കേരളത്തിലേക്ക് കൊണ്ടുവരികയും ചെയ്തു.

​സബ് ഇൻസ്പെക്ടർ കെ.എം. അബി, സിവിൽ പോലീസ് ഓഫീസർമാരായ എൻ.പി. ബിന്ദു, അരുൺ കെ. കരുൺ, രജിത് റാം എന്നിവരടങ്ങുന്ന സംഘമാണ് ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലും ധീരമായ പ്രവർത്തനവുമാണ് കാടുകളും പ്രതികൂല സാഹചര്യങ്ങളും താണ്ടി പെൺകുട്ടിയെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ സഹായിച്ചത്.


Leave a Reply

Your email address will not be published. Required fields are marked *