Sun, 13 September 2026
Kerala

മീനിലും ചോറിലും’ കൂട്ടയടി; മീൻകറിക്ക് 200 എന്ന് പറഞ്ഞു, ബില്ലിൽ 300!; മലപ്പുറം കുറ്റിപ്പുറത്തെ ഹോട്ടലിൽ അമിതവിലയെച്ചൊല്ലി കൂട്ടത്തല്ല്..

Newtalks Desk

മീനിന്റെ അമിതവിലയെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കുറ്റിപ്പുറത്തെ പ്രശസ്തമായ ഹോട്ടലിൽ ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ കയ്യാങ്കളിയും കൂട്ടയടിയും. അടിയുടെ ആഘാതത്തിൽ ഹോട്ടലിലെ മേശകളും കസേരകളും തല്ലിത്തകർത്തു.

സംഭവത്തിൽ ഇരുഭാഗത്തുമായി നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. കുറ്റിപ്പുറത്തെ ‘മീനും ചോറും’ റസ്റ്റോറന്റിലാണ് സംഭവം. ഭക്ഷണം ഓർഡർ ചെയ്ത സമയത്ത് മീൻകറിക്ക് 200 രൂപയെന്നാണ് ജീവനക്കാർ പറഞ്ഞിരുന്നത്. എന്നാൽ കഴിച്ചു കഴിഞ്ഞ് ബില്ല് വന്നപ്പോൾ മീനിന് 300 രൂപയിലധികം ഈടാക്കുകയായിരുന്നു.

ഇത് ചോദ്യം ചെയ്തതോടെയാണ് ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയവരും തമ്മിൽ വാക്കേറ്റവും തുടർന്ന് വൻ സംഘർഷവും ഉണ്ടായത്. നിയന്ത്രണം വിട്ടതോടെ ഇരുകൂട്ടരും ഹോട്ടലിലെ സാധന സാമഗ്രികൾ എടുത്ത് അടിയുണ്ടാക്കുകയായിരുന്നു.

ഭക്ഷണ സാധനങ്ങളുടെ യഥാർത്ഥ വില മെനു കാർഡിലോ ഹോട്ടലിലോ കൃത്യമായി പ്രദർശിപ്പിക്കണമെന്ന നിയമം ഇവിടെ പാലിക്കപ്പെടുന്നില്ലെന്ന് ഭക്ഷണം കഴിക്കാനെത്തിയവർ ആരോപിക്കുന്നു. വിലയെച്ചൊല്ലി ഇവിടെ മുൻപും സമാന രീതിയിൽ തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാരും സ്ഥിരീകരിക്കുന്നു.

ഇതിനുപുറമേ, വയൽ നികത്തി അനധികൃതമായി പാർക്കിംഗ് സൗകര്യം ഒരുക്കിയതിലും, ഭാരതപ്പുഴയിലേക്ക് മാലിന്യവെള്ളം ഒഴുക്കിവിടുന്നതിലും ഇതേ ഹോട്ടലിനെതിരെ പ്രദേശവാസികളുടെ ഭാഗത്തുനിന്ന് ശക്തമായ പരാതികൾ നിലനിൽക്കുന്നുണ്ട്.

തർക്കം രൂക്ഷമായതോടെ റെസ്റ്റോറന്റിലെ ജീവനക്കാരും ഭക്ഷണം കഴിക്കാൻ എത്തിയവരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിനിടയിൽ ഹോട്ടലിലെ മേശകളും കസേരകളും തല്ലിത്തകർത്തു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ഭയന്ന് നിലവിളിച്ചോടുന്നതിനിടയിലാണ് സംഘർഷമുണ്ടായത്.
ജില്ലയ്ക്ക് പുറത്തുനിന്നടക്കം നിരവധി ആളുകൾ എത്തിച്ചേരുന്ന സ്ഥാപനമാണ് ‘ചോറും മീനും’ റെസ്റ്ററന്റ്. സംഭവസമയത്ത് നല്ല തിരക്കായിരുന്നു ഇവിടെ. ഭക്ഷണം വിളമ്പുന്നതിന് മുൻപ് കൃത്യമായ വില ഉപഭോക്താക്കളെ അറിയിക്കുന്ന രീതിയിൽ മെനുവിൽ രേഖപ്പെടുത്തി പ്രദർശിപ്പിക്കണമെന്നാണ് നിയമം.


Leave a Reply

Your email address will not be published. Required fields are marked *