Thu, 6 August 2026
Kerala

കുറ്റിപ്പുറത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിന് കാരണം ഡ്രൈവറുടെ അമിതവേഗതയാണെന്ന് മോട്ടോർ വാഹന വകുപ്പ്

Newtalks Desk

കുറ്റിപ്പുറത്ത് ദേശീയപാതയില്‍ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിന് കാരണം ഡ്രൈവറുടെ അമിതവേഗതയാണെന്ന് മോട്ടോർ വാഹന വകുപ്പ്.

ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് ഗതാഗത കമ്മീഷണർക്ക് സമർപ്പിച്ചു. വളവുകളില്‍ മണിക്കൂറില്‍ പരമാവധി 50 കിലോമീറ്റർ വേഗത അനുവദിച്ചിട്ടുള്ളിടത്ത്, അപകടത്തില്‍പ്പെട്ട ബസ് ഇതിന്റെ ഇരട്ടി വേഗതയിലാണ് സഞ്ചരിച്ചതെന്ന് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

അപകട സ്ഥലത്തെ തുടർച്ചയായ രണ്ട് വളവുകള്‍ ഇരട്ടി വേഗതയില്‍ എടുക്കാൻ ശ്രമിച്ചതാണ് ദുരന്തത്തിന് വഴിവെച്ചത്. മഴയുള്ള സമയത്ത് അമിതവേഗത കാരണം റോഡും ടയറും തമ്മിലുള്ള ഘർഷണം നഷ്ടപ്പെടുന്ന ‘ഹൈഡ്രോപ്ലെയിനിങ്’ (Hydroplaning) പ്രതിഭാസമുണ്ടാവുകയും ബസിന്റെ നിയന്ത്രണം പൂർണമായി നഷ്ടപ്പെടുകയുമായിരുന്നു.

സംഭവത്തില്‍ ബസ് ഡ്രൈവറായ ചങ്ങരംകുളം സ്വദേശി ഷബീറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കുറ്റിപ്പുറം പോലീസ് നോട്ടീസ് നല്‍കി. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇയാളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

ജൂലൈ 26-നായിരുന്നു ഒരാളുടെ മരണത്തിനും 39 പേരുടെ പരിക്കിനും ഇടയാക്കിയ ദാരുണമായ അപകടം നടന്നത്. ദേശീയപാതയിലൂടെ വന്ന് പോക്കറ്റ് റോഡിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് മീഡിയനില്‍ ഇടിച്ച്‌ തലകീഴായി മറിയുകയായിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *