മുഖ്യമന്ത്രി വി.ഡി.സതീശൻ ദുരന്തമേഖലയിലേക്ക്,കെടുതികൾ വിലയിരുത്തും
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശൻ ദുരന്തമേഖലയിലേക്ക്. പത്തനംതിട്ടയിലെ പ്രളയ മേഖലകളായ റാന്നി, ആറൻമുള തുടങ്ങിയ സ്ഥലങ്ങള്‍ മുഖ്യമന്ത്രി സന്ദർശിക്കും. 12 മണിക്ക് ആറൻമുളയില്‍ ആയിരിക്കും ആദ്യ സന്ദർശനം. ദുരന്തനിവാരണ പ്രവർത്തനങ്ങളും ക്യാന്പുകളുടെ പ്രവർത്തനവും മുഖ്യമന്ത്രി വിലയിരുത്തും. ദുരന്തനിവാരണ പ്രവർത്തനങ്ങളിലെ ഏകോപനത്തില്‍ സർക്കാരിന് വീഴ്ചയുണ്ടായെന്ന വിമർശനത്തിനിടെയാണ് പ്രദേശങ്ങള്‍ സന്ദർശിക്കാൻ വിഡി സതീശൻ എത്തുന്നത്. റാന്നിയില്‍ ഉള്‍പ്പെടെ വെള്ളമുയർന്നപ്പോള്‍ കടയുടെ ഉദ്ഘാടനത്തിനും പൊന്നാനിയില്‍ സ്വകാര്യ വിരുന്നിൽ പങ്കെടുത്തതും മുഖ്യമന്ത്രിക്കെതിരെ എല്‍ഡിഎഫ് നേതാക്കള്‍ വിമർശനം ഉന്നയിച്ചിരുന്നു.
പത്തനംതിട്ട ജില്ലയിൽ കനത്ത മഴയെത്തുടർന്ന് റാന്നി, ആറന്മുള മേഖലകളിൽ പ്രളയസമാനമായ സാഹചര്യവും ജാഗ്രതയും തുടരുന്നു. വനമേഖലയിൽ കഴിഞ്ഞ രാത്രി ശക്തമായ മഴ ഉണ്ടായില്ല . ജില്ലയിലാകെ 74 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. മൂവായിരത്തിൽ അധികം പേർ ക്യാമ്പിൽ ഉണ്ട്. പമ്പ, അച്ചൻകോവിൽ, കക്കാട്ടാർ എന്നീ നദികളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഗവിയിലേക്കുള്ള യാത്രാവിലക്ക് തുടരുന്നു.
ഇന്ന് 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സംസ്ഥാനത്ത് പരക്കെ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കാസര്‍കോട്, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.
ഇന്നും പരക്കെ അതിശക്തമായ മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും പരക്കെ അതിശക്തമായ മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 12 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. രണ്ട് ജില്ലകളിൽ യല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ തീവ്ര മഴയാണ്. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കാസർകോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം, ശക്തമായ മഴയ്ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.



