Thu, 6 August 2026
Kerala

ഇതുവരെ 15 പേർ മരിച്ചതായും 7 പേരെ കാണാതായതായും മുഖ്യമന്ത്രി,സല്‍ക്കാരമല്ല, ഞാൻ ഭക്ഷണം കഴിക്കാൻ പാടില്ലേ? എന്ത് തെറ്റാണ്? വിവാദങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

Newtalks Desk

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴയിൽ ഇതുവരെ 15 പേർ മരിച്ചതായും 7 പേരെ കാണാതായതായും മുഖ്യമന്ത്രി വി.ഡി. സതീശൻ. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട ഭാഗത്തും പുതുപ്പള്ളിയിലുമായി മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇടുക്കിയിൽ രണ്ടു പേരും കൊല്ലത്ത് രണ്ടു പേരും മലപ്പുറത്ത് നാലു പേരും കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ഓരോരുത്തരും മഴക്കെടുതിയിൽ മരിച്ചു. ഇതിനു പുറമെ വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ഓരോ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാണാതായവർക്കായി വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. നിലവിൽ പ്രധാന അണക്കെട്ടുകളിൽ ജലനിരപ്പ് കുറവാണെന്നും അതിനാൽ വ്യാജ പ്രചരണങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൃത്യമായ വിവരങ്ങൾക്കായി സർക്കാർ സംവിധാനങ്ങളെ മാത്രം ആശ്രയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സല്‍ക്കാരമല്ല, ഞാൻ ഭക്ഷണം കഴിക്കാൻ പാടില്ലേ? എന്ത് തെറ്റാണ്?

സത്കാര വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ. താൻ മൂന്ന് മണിക്കാണ് ഭക്ഷണം കഴിച്ചത് താൻ സത്കാരത്തിന് പോയതല്ല, സുഹൃത്തിൻ്റ വീട്ടിൽ നിന്നാണ് ഭക്ഷണം കഴിച്ചത്. 2018 , 19 പ്രളയ കാലത്ത് അന്നത്തെ മുഖ്യമന്ത്രി പട്ടിണി ആയിരുന്നോയെന്നും വിഡി സതീശൻ ചോദിച്ചു. തൻ ഭക്ഷണം കഴിച്ചു പോയത് തെറ്റാണോയെന്നും ജനം വിലയിരുത്തട്ടെയന്നും മുഖ്യമന്ത്രി പറഞ്ഞു. ‘മൂന്ന് മണിക്കാണ് പൊന്നാനിയിൽ എത്തുന്നത്. ഞാൻ ഭക്ഷണം കഴിക്കാൻ പാടില്ലേ? എന്ത് തെറ്റാണ്. ഹീനമായ അപവാദ പ്രചാരണമാണ് നടക്കുന്നത്. ഭക്ഷണം കഴിക്കുന്നത് തെറ്റാണോ? എന്ത് ഔചിത്യക്കുറവാണുണ്ടായത്. സത്കാരത്തിനല്ല പോയത്’ മുഖ്യമന്ത്രി പറഞ്ഞു.

ഭക്ഷണം കഴിച്ചത് തെറ്റായെങ്കില്‍ ഇനി ഭക്ഷണം കഴിക്കാതിരിക്കാം. വെള്ളപ്പൊക്കമുണ്ടായ ദിവസം മൂന്നു മണിക്ക് ഭക്ഷണം കഴിച്ചു എന്ന ഗുരുതരമായ തെറ്റാണ് ചെയ്തത്. മുഖ്യമന്ത്രിക്ക് ഭക്ഷണം കഴിക്കാന്‍ പാടില്ലായെന്ന് ഇപ്പോഴാണ് മനസ്സിലാക്കിയത്. എന്തൊരു ഔചിത്യമില്ലാത്ത പ്രചാരണമാണ് നടക്കുന്നതെന്ന് വിഡി സതീശന്‍ ചോദിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഒരു പ്രശ്‌നവും ഇല്ല. ആറന്മുളയില്‍ സിപിഎമ്മിന്റെ ഏരിയാ നേതാവ് ഒരു സ്ത്രീയെ പ്രേരിപ്പിച്ചാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയിപ്പിച്ചത്. ആ സ്ത്രീ പിന്നീട് വന്ന് കാര്യങ്ങള്‍ പറഞ്ഞു. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ഈ കുത്തിത്തിരിപ്പ് ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതി ശക്തമഴ തുടരും. തിരുവനന്തപുരം,കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ മാസം ഏഴ് വരെ ഇതേ ശക്തിയിൽ മഴ തുടരുമെന്നാണ് പ്രവചനം. ഓഗസ്റ്റ് അഞ്ചിന് മഴയുടെ ശക്തി കുറയും. നാളെ 10 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മഴ വീണ്ടും ശക്തമായതോടെ സംസ്ഥാനത്ത് കെടുതികളിൽ വലഞ്ഞ് ജനം. ജനവാസമേഖലകളിൽ പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലും തുടരുകയാണ്. പമ്പാനദിയിൽ ജലനിരപ്പുയർന്നതോടെ പത്തനംതിട്ടയിലെ ആറന്മുളയും പരിസരപ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.റാന്നിയിലെ ജനവാസമേഖലകളിൽ വീണ്ടും വെള്ളം കയറുകയാണ്. പത്തനംതിട്ടയിലെ രക്ഷാപ്രവർത്തനത്തിനായി മത്സ്യത്തൊഴിലാളികൾ കൊല്ലത്ത് നിന്ന് വള്ളങ്ങളുമായി തിരിച്ചു.

ധനസഹായം 12 ലക്ഷമായി വർധിപ്പിച്ചു

കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി പതിനായിരം രൂപ അനുവദിച്ചിട്ടുണ്ട്. ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് പോകുന്നവര്‍ക്ക്, വീടുകളില്‍ വെള്ളം കയറിയവര്‍ക്ക് അടിയന്തരമായി പതിനായിരം രൂപ വീതം നല്‍കും. ജിവനോപാധികള്‍ നഷ്ടമായ കുടുംബത്തില്‍ ഒരു കാര്‍ഡില്‍ നിന്ന് രണ്ടുപേര്‍ക്ക് 300 രൂപ വീതം ധനസഹായം നല്‍കും. മണ്ണിടിച്ചില്‍ വന്ന് വീടു നഷ്ടമായവര്‍ക്ക് സ്ഥലം വാങ്ങി വീടു വെയ്ക്കാന്‍ നേരത്തെ 10 ലക്ഷം രൂപയാണ് നല്‍കിയിരുന്നത്. അത് 12 ലക്ഷം രൂപയായി വര്‍ധിപ്പിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ആദ്യമായിട്ടാണ് ഈ തുക വര്‍ധിപ്പിക്കുന്നത്. വീട് പൂര്‍ണമായി തകര്‍ന്നവര്‍ക്ക്, വീട് നിര്‍മ്മിക്കാനായി നേരത്തെ നല്‍കിയിരുന്നത് നാലു ലക്ഷം രൂപയാണ്. അത് ആറു ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. രണ്ടരയേക്കറോളം കൃഷി നശിച്ചാല്‍ 13,500 രൂപയാണ് നല്‍കിയിരുന്നത്. അതുമായി ബന്ധപ്പെട്ട് തുക വര്‍ധിപ്പിക്കുന്നതിനായി കൃഷി വകുപ്പില്‍ നിന്നും നിര്‍ദേശം ചോദിച്ചിട്ടുണ്ട്. ആ നിര്‍ദേശം മന്ത്രിസഭായോഗം പരിഗണിച്ചശേഷം തീരുമാനമെടുക്കും. മഴക്കെടുതിയെത്തുടര്‍ന്ന് സംസ്ഥാനത്ത് 316 ദുരിതാശ്വാസ ക്യാമ്പുകളിലായി 10,018 പേരാണ് താമസിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.


Leave a Reply

Your email address will not be published. Required fields are marked *