പരപ്പനങ്ങാടി- നാടുകാണി സംസ്ഥാനപാതയിൽ പാണക്കാട് വൻ മണ്ണിടിച്ചിൽ, ഗതാഗതം പൂർണമായും തടസപ്പെട്ടു, വീഡിയോ
പരപ്പനങ്ങാടി- നാടുകാണി സംസ്ഥാനപാതയിൽ റോഡിലേക്ക് മണ്ണിടിഞ്ഞു. പാണക്കാട് എടയ്പാലത്താണ് സംഭവം. റോഡിലേക്ക് മണ്ണിടിഞ്ഞുവീണതിനെ തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു.
കുന്ന് പൂർണമായും ഇടിഞ്ഞുവീണതിനെ തുടർന്ന് വലിയ നാശനഷ്ടമാണ് ഉണ്ടായത്. നിരവധി വൈദ്യുതപോസ്റ്റുകൾ തകർന്നിട്ടുണ്ട്. റോഡിൽ ആളുകൾ കുറവായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ വീടിന് സമീപമാണ് സംഭവം. ഇന്നലെ രാത്രി മുതല്‍ സ്കൂളും വീടുകളും ഉള്‍പ്പെടുന്ന ജനവാസമേഖലയിൽ മണ്ണിടിയുന്നുണ്ടായിരുന്നു.
തെങ്ങ് ഉള്‍പ്പെടെ കടപുഴകി വീണു. നിലവില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. അശാസ്ത്രീയമായി ജെസിബി ഉപയോഗിച്ച് മണ്ണെടുത്തതാണ് മണ്ണിടിയുന്നതിന് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പ്രദേശത്ത് അനുമതിയില്ലാതെ നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നു. ഇതാണ് മണ്ണിടിച്ചിലിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അശാസ്ത്രീയ നിർമാണ പ്രവർത്തനത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ പറഞ്ഞു.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റു ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. അതേസമയം, നാളെ 10 ജില്ലകളിലും യെല്ലോ അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. നിലവിൽ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. പത്തനംതിട്ടയിലെ സാഹചര്യം അതീവ ഗുരുതരമാണ്.



