നാളെ രണ്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ പത്തനംതിട്ട, കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന് സെന്ററുകള്‍, കോച്ചിങ് ക്ലാസുകള്‍, എന്നിവയ്ക്ക് അവധി ബാധകമായിരിക്കും.
മക്കരപ്പറമ്പില്‍ കാര്‍ വെള്ളത്തിലേക്ക് മറിഞ്ഞു, ഡ്രൈവര്‍ ഡോര്‍ തുറന്ന് സാഹസികമായി രക്ഷപ്പെട്ടു
മലപ്പുറം മക്കരപ്പറമ്പില്‍ കാര്‍ വെള്ളത്തിലേക്ക് മറിഞ്ഞു
മലപ്പുറം മക്കരപ്പറമ്പില്‍ കാര്‍ വെള്ളത്തിലേക്ക് മറിഞ്ഞു. ചാപ്പനങ്ങാടി സ്വദേശിയായ ഡ്രൈവര്‍ ഡോര്‍ തുറന്ന് സാഹസികമായി രക്ഷപ്പെട്ടു. മക്കരപറമ്പ് കുറുവ പാടത്തെ റോഡിലാണ് അപകടം. മുങ്ങിപ്പോയ കാര്‍ സന്നദ്ധപ്രവര്‍ത്തകര്‍ ക്രെയിന്‍ ഉപയോഗിച്ച് പുറത്തെത്തിച്ചു.
ഓട്ടോറിക്ഷ വെള്ളത്തില്‍ ഒഴുകിപ്പോയി
കുറ്റിക്കാട്ടൂര്‍ കണിയാത്ത് പാലത്തില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ വെള്ളത്തില്‍ ഒഴുകിപ്പോയി. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മുങ്ങിപ്പോയ ഓട്ടോറിക്ഷ രാവിലെ നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് വെള്ളത്തില്‍ നിന്ന് ഉയര്‍ത്തിയത്.
കുറ്റിക്കാട്ടൂര്‍ കണിയാത്ത് പള്ളിക്ക് സമീപമുള്ള പാലത്തിലാണ് ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ടത്. കോണ്‍ക്രീറ്റ് റോഡിലൂടെ വരികയായിരുന്ന ഓട്ടോറിക്ഷയാണ് തോട്ടിലേക്ക് മറിഞ്ഞത്. മാമ്പുഴയില്‍ നിന്ന് വരുന്ന ഈ തോട്ടില്‍ ജലനിരപ്പും ഒഴുക്കും വളരെ കൂടുതലായിരുന്നു. പുലര്‍ച്ചെ ശക്തമായ മഴയും ഉണ്ടായിരുന്നു. തോടിന് കൈവരി ഇല്ലാത്തതും അപകടത്തിന് കാരണമായി. റോഡും തോടും തിരിച്ചറിയാന്‍ കഴിയാത്ത വിധം വെള്ളം കയറിയ അവസ്ഥയായിരുന്നു.
മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 12 ആയി
കേരളത്തിൽ മഴക്കെടുതിയും പ്രളയ ദുരിതവും രൂക്ഷമായി തുടരുന്നു. വിവിധ അപകടങ്ങളിൽ ഇന്ന് നാല് പേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് രണ്ട് ദിവസത്തെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു. കണ്ണൂർ കൂത്തുപറമ്പിൽ തോട്ടിൻകരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൈതേരി ഇടത്തിൽ രാരിഷ്, കാപ്പാട് വെള്ളക്കെട്ടിൽ വീണ് ചികിത്സയിലിരിക്കെ മരിച്ച രണ്ടു വയസ്സുകാരൻ മാസിൻ, തിരുവനന്തപുരത്തു നിന്നും കാണാതായി മൃതദേഹം കണ്ടെത്തിയ മത്സ്യത്തൊഴിലാളികളായ ഫ്രീമോൻ, ആന്റണി എന്നിവരാണ് ഇന്ന് മരണപ്പെട്ടത്. കൊല്ലം, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ കടലിൽ കാണാതായ ആറു പേർക്കായി തെരച്ചിൽ തുടരുകയാണ്. കനത്ത മഴയിൽ പത്തനംതിട്ട റാന്നിയിൽ വെള്ളം ഇറങ്ങിയെങ്കിലും ആറന്മുളയും അപ്പർ കുട്ടനാടും ഇപ്പോഴും വെള്ളക്കെട്ടിൽ തന്നെയാണ്. മഴയുമായി ബന്ധപ്പെട്ട വിവിധ അപകടങ്ങളിൽ പരിക്കേറ്റ 13 പേർ നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
സംസ്ഥാനത്തുടനീളം 27 വീടുകൾ പൂർണ്ണമായും 196 വീടുകൾ ഭാഗികമായും തകർന്നു
മഴക്കെടുതിയിൽ സംസ്ഥാനത്തുടനീളം 27 വീടുകൾ പൂർണ്ണമായും 196 വീടുകൾ ഭാഗികമായും തകർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ പ്രവർത്തിക്കുന്ന 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരെയാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്. അതേസമയം, പല ക്യാമ്പുകളിലും ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലെന്ന പരാതിയും ദുരിതബാധിതരുടെ ഭാഗത്തുനിന്ന് ഉയരുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് അതിശക്ത മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.



