Tue, 28 July 2026
Gulf UpdatesLifestyle

ക്യാൻസറിനെ തോൽപ്പിച്ച് അമ്മയായി; ദുബായിൽ 24-കാരിക്ക് ‘അത്ഭുത കുഞ്ഞ്’ ജനിച്ചു

Newtalks Desk

ദുബായ്: അർബുദബാധയെ തുടർന്ന് അമ്മയാകാനുള്ള സാധ്യതകൾ അസ്തമിച്ചെന്ന ആശങ്കകൾക്കൊടുവിൽ, ദുബായിൽ 24-കാരിയായ യുവതിക്ക് ആരോഗ്യവതിയായ പെൺകുഞ്ഞ് പിറന്നു. കാൻസർ ചികിത്സ വിജയകരമായി പൂർത്തിയാക്കി സ്വാഭാവിക ഗർഭധാരണത്തിലൂടെയാണ് ശ്രുതി എന്ന യുവതി കുഞ്ഞിന് ജന്മം നൽകിയത്. വൈദ്യശാസ്ത്രരംഗത്തെ പ്രത്യാശയുടെയും അതിജീവനത്തിന്റെയും പുതിയൊരു കഥയായി മാറുകയാണ് ഈ സംഭവം.

ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, വിവാഹം കഴിഞ്ഞ് അധികനാൾ കഴിയുന്നതിന് മുൻപാണ് ശ്രുതിക്ക് ആർത്തവസമയത്ത് കടുത്ത രക്തസ്രാവം അനുഭവപ്പെട്ടത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് തുടക്കഘട്ടത്തിലുള്ള അർബുദം (Uterine Cancer) സ്ഥിരീകരിച്ചത്. പ്രായമായ സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന ഈ രോഗം 24-ാം വയസ്സിൽ സ്ഥിരീകരിച്ചത് ശ്രുതിയെയും കുടുംബത്തെയും വലിയ മാനസിക ആഘാതത്തിലാക്കി. ഗർഭാശയം നീക്കം ചെയ്യുക (Hysterectomy) മാത്രമാണ് ഏക പോംവഴി എന്നായിരുന്നു  പ്രമുഖ വിദഗ്ധരുടെ പ്രാഥമിക നിർദ്ദേശം. എന്നാൽ, അമ്മയാകണമെന്ന ആഗ്രഹം മൂലം ഈ നിർദ്ദേശം സ്വീകരിക്കാൻ ശ്രുതി തയ്യാറായില്ല.

തുടർന്ന് ദുബായ് അൽ ഖുസൈസിലെ മെഡ്‌കെയർ റോയൽ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിദഗ്ധ ഡോ. രാജലക്ഷ്മി ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തെ സമീപിച്ചു. അർബുദം തുടക്കഘട്ടത്തിലായതിനാൽ, ഗർഭധാരണ ശേഷി നിലനിർത്തിക്കൊണ്ടുള്ള ഹോർമോൺ ചികിത്സ (Fertility-preserving hormonal therapy) നൽകുവാൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. ഹോർമോൺ തെറാപ്പിയും മിറേന (Mirena) ഐയുഡി ഉപകരണവും ഉപയോഗിച്ചുള്ള ആറുമാസത്തെ തീവ്രപരിചരണത്തിനൊടുവിൽ അർബുദം പൂർണ്ണമായും ഭേദമായതായി സ്ഥിരീകരിച്ചു.

​കാൻസർ മുക്തയായി വെറും രണ്ടു മാസങ്ങൾക്ക് ശേഷം, സ്വാഭാവികമായി ശ്രുതി ഗർഭിണിയാവുകയും ചെയ്തു. 38 ആഴ്ചത്തെ ഗർഭകാലത്തിനു ശേഷം 2.8 കിലോഗ്രാം തൂക്കമുള്ള പെൺകുഞ്ഞിന് അവർ ജന്മം നൽകി. “എന്റെ ആരോഗ്യവും അമ്മയാകാനുള്ള സ്വപ്നവും നഷ്ടപ്പെടുമെന്ന് ഭയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു; എന്നാൽ ഇന്ന് രണ്ടും തിരികെ ലഭിച്ചിരിക്കുന്നു” എന്ന് വികാരാധീനയായി ശ്രുതി പ്രതികരിച്ചു. കൃത്യസമയത്തുള്ള രോഗനിർണ്ണയവും അനുയോജ്യമായ ചികിത്സാരീതിയും വഴി അർബുദത്തെ അതിജീവിച്ച് മാതൃത്വം സാക്ഷാത്കരിക്കാൻ സാധിക്കുമെന്നതിന്റെ വലിയൊരു തെളിവാണ് ഈ അനുഭവമെന്ന് ഡോക്ടർമാരും വ്യക്തമാക്കി.


Leave a Reply

Your email address will not be published. Required fields are marked *