Tue, 28 July 2026
Kerala

ഏക മകന്റെ മരണം തളർത്തി; കൊച്ചിയിൽ വയോധിക ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ

Newtalks Desk

കൊച്ചി: ഏക മകന്റെ അകാല വിയോഗത്തെ തുടർന്നുണ്ടായ കടുത്ത മാനസിക വിഷമത്തിൽ കൊച്ചിയിൽ വയോധിക ദമ്പതികളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വൈപ്പിൻ ഞാറയ്ക്കൽ പഞ്ചായത്ത് നാലാം വാർഡിൽ ആശുപത്രിക്ക് വടക്കുവശം കളത്തിപ്പറമ്പിൽ സഞ്ജീവ് (70), ഭാര്യ സബിത (60) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ വീടിന്റെ മുൻവശത്തെ മുറിയിലാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സഞ്ജീവിന്റെയും സബിതയുടെയും ഏക മകനായ സിജോയ് ഏതാനും വർഷങ്ങൾക്കു മുൻപ് അസുഖത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. മകന്റെ വേർപാടിനു ശേഷം ഇരുവരും കടുത്ത മാനസിക വിഷമത്തിലായിരുന്നു. മുൻപും ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെങ്കിലും ആശുപത്രിയിലെ ദീർഘനാളത്തെ ചികിത്സയ്ക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങിവരികയായിരുന്നു.

​മുൻപത്തെ സംഭവത്തിന് ശേഷം സഞ്ജീവിന്റെ സഹോദരൻ ദിവസവും ഇവരുടെ വിവരങ്ങൾ ഫോണിലൂടെ അന്വേഷിക്കാറുണ്ടായിരുന്നു. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ വീട്ടിലെത്തണമെന്ന് സഞ്ജീവ് സഹോദരനോട് മുൻകൂട്ടി പറഞ്ഞിരുന്നു. ഇതനുസരിച്ച് രാവിലെ സഹോദരൻ സഞ്ജീവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. തുടർന്ന് സംശയം തോന്നിയ സഹോദരൻ അയൽവാസിയെ വിവരമറിയിക്കുകയായിരുന്നു.

​അയൽവാസി വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മുൻവാതിൽ തുറന്നുകിടക്കുന്ന നിലയിൽ കണ്ടതും, ഇരുവരേയും മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതും. ഉടൻതന്നെ വിവരമറിയിച്ചതിനെ തുടർന്ന് ഞാറയ്ക്കൽ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

വിദേശത്തായിരുന്ന സഞ്ജീവ് പ്രവാസം അവസാനിപ്പിച്ച് മടങ്ങിയെത്തിയ ശേഷം മഞ്ഞക്കാട് ഭാഗത്ത് മറൈൻ വർക്‌ഷോപ്പ് നടത്തിവരികയായിരുന്നു. നിയമവകുപ്പിൽ ഉദ്യോഗസ്ഥയായിരുന്ന സബിത ഏതാനും വർഷങ്ങൾക്ക് മുൻപാണ് സർവീസിൽ നിന്ന് വിരമിച്ചത്.


Leave a Reply

Your email address will not be published. Required fields are marked *