വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ട്, എന്നാൽ പൗരത്വം നിർണ്ണയിക്കാൻ കഴിയില്ല: സുപ്രീം കോടതി
ന്യൂഡൽഹി: സംശയാസ്പദമായ സാഹചര്യമുള്ള വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ഭരണഘടനാപരമായ അധികാരമുണ്ടെന്നും എന്നാൽ ഒരു വ്യക്തി ഇന്ത്യയിലെ പൗരനാണോ അല്ലയോ എന്ന് തീരുമാനിക്കാൻ കമ്മീഷന് കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. പൗരത്വം സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും കോടതി ഓർമ്മിപ്പിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.
പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലിന്റെ (SIR) ഭാഗമായി പൗരത്വം സംശയാസ്പദമാണെന്ന് ചൂണ്ടിക്കാട്ടി വോട്ടർപട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ടവർക്ക് റേഷൻ ഉൾപ്പെടെയുള്ള സാമൂഹിക ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങൾ പശ്ചിമ ബംഗാൾ സർക്കാർ നിഷേധിക്കുന്നുവെന്ന് ആരോപിച്ച് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്. ജോയിന്റ് ഫോറം എഗെയ്ൻസ്റ്റ് എൻആർസി കൺവീനർ പ്രസൻജിത് ബോസ് നൽകിയ ഹർജിയിൽ സുപ്രീം കോടതി പശ്ചിമ ബംഗാൾ സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ചു.
സംശയാസ്പദമായ പൗരത്വമുള്ളവരുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിന് കൈമാറുകയാണ് വേണ്ടതെന്ന് കോടതി നിർദ്ദേശിച്ചു. വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്ത നടപടിക്കെതിരെ ട്രൈബ്യൂണലുകളിൽ ലക്ഷക്കണക്കിന് അപ്പീലുകൾ കെട്ടിക്കിടക്കുന്നുണ്ടെന്നും, അപ്പീലുകൾ നൽകിയവർക്ക് റേഷൻ ആനുകൂല്യങ്ങൾ തുടരുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. കേസ് കൂടുതൽ വാദത്തിനായി ഓഗസ്റ്റ് 25ലേക്ക് മാറ്റിയിരിക്കുകയാണ്.



