Sat, 13 June 2026
Sports

മൂന്ന് റെഡ് കാർഡുകൾ, രണ്ട് ഗോൾ മെക്സിക്കോക്ക് മുന്നിൽ വണങ്ങി ദക്ഷിണാഫ്രിക്ക

Newtalks Desk

രണ്ടാം പകുതിയിലാണ് ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലാക്കി ആദ്യ റെഡ് കാർഡ് ഉയർന്നത്. 49 ാം മിനിറ്റിൽ ദക്ഷിണാഫ്രിക്കയുടെ സ്പെഫലോ സിത്തോലെ റെഡ് കാർഡ് കണ്ട് പുറത്തായി. മെക്സിക്കോയുടെ ബ്രയൻ ഗുട്ടെറസിനെ വീഴ്ത്തിയതിനാണ് റെഡ് കാർഡ് നൽകിയത്. 80 ാം മിനിറ്റിൽ മെക്സിക്കൻ താരത്തെ ഫൗൾ ചെയ്തതിന് ദക്ഷിണാഫ്രിക്കയുടെ തെംബ സ്വായ്നെ റെഡ് കാർഡ് കണ്ട് പുറത്തായി. ഇതോടെ ഒൻപതു പേരായി ദക്ഷിണാഫ്രിക്ക ചുരുങ്ങി. ഇതോടെ ദക്ഷിണാഫ്രിക്ക കൂടുതൽ പ്രതിരോധത്തിലായി.

ഇൻഞ്ചറി ടൈമിൽ മെക്സിക്കോയുടെ സെസാർ മോണ്ടെസിനും റെഡ് കാർഡ് ലഭിച്ചു. ഇതോടെ ഉദ്ഘാടന മത്സരത്തിൽ തന്നെ 3 താരങ്ങളാണ് റെഡ് കാർഡ് കണ്ട് പുറത്തായത്. കഴിഞ്ഞ ലോകകപ്പിൽ ആകെ നാലു റെഡ് കാർഡുകൾ മാത്രമാണ് നൽകിയത്. ഫുട്ബോൾ ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഉദ്ഘാടന മത്സരത്തിൽ റെഡ് കാർഡ് നൽകുന്നത്.

ലോകകപ്പ് ഫുട്ബോളിലെ ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌‌ക്കെതിരെ ആതിഥേയരായ മെക്സിക്കോയ്ക്ക് ആധികാരിക ജയം സ്വന്തമാക്കി. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ മെക്സിക്കോ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ജയിച്ചത്. 9–ാം മിനിറ്റിൽ യൂലിയൻ ക്വിനോണസ്, 67–ാം മിനിറ്റിൽ റൗൾ ഹിമനെസ് എന്നിവരാണ് ഗോൾ നേടിയത്. ദക്ഷിണാഫ്രിക്കൻ ഗോൾകീപ്പർ റോൺവെൻ വില്യംസ് നൽകിയ പാസ് സ്വീകരിക്കുന്നതിൽ സ്പെഫലോ സിത്തോലെ വരുത്തിയ പിഴവു മുതലെടുത്താണ് ക്വിനോണസ് ഈ ലോകകപ്പിലെ ആദ്യ ഗോൾ സ്വന്തം പേരിൽ കുറിച്ചത്. 67 ാം മിനിറ്റിൽ റൗ‍ൾ ഹിമനെസ് ഹെഡറിലൂടെ മെക്സിക്കോയുടെ ലീഡുയർത്തി. 42 ാം മിനിറ്റിൽ മെക്സിക്കോയുടെ തുടർച്ചയായ രണ്ട് ഗോൾ അവസരങ്ങൾ ദക്ഷിണാഫ്രിക്കൻ ഗോൾകീപ്പർ റോൺവന്‍ വില്യംസ് തട്ടിയകറ്റി.

4–1–4–1 എന്ന ഫോർമേഷനിലാണ് മെക്സിക്കോ കളിച്ചത്. ദക്ഷിണാഫ്രിക്ക 5–3–2 ശൈലിയിൽ ടീമിനെ അണിനിരത്തി. ക്യാപ്റ്റൻ എഡ്സൺ അൽവാരസിനെയും പരിചയസമ്പന്നനായ ഗോൾകീപ്പർ ഗില്ലെർമോ ഒച്ചോവയെയും ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കിയ അദ്ദേഹം മിഡ്ഫീൽഡിൽ എറിക് ലിറയ്ക്ക് അവസരം നൽകി. ഇത്തവണ ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡോടെ എത്തിയ ഗിൽബെർട്ടോ മോറ (17) ഉദ്ഘാടന മത്സരത്തിൽ തന്റെ ലോകകപ്പ് അരങ്ങേറ്റം കുറിച്ചു. 16 വർഷം മുൻപ് മറ്റൊരു ജൂൺ 11ന് ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിലെ സോക്കർസിറ്റി സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇതേ ടീമുകളാണ് പോരാടിയത്. അന്ന് ഇരുടീമുകളും 1–1 ന് സമനിലയിലാണ് പിരിഞ്ഞത്.


Leave a Reply

Your email address will not be published. Required fields are marked *