Thu, 6 August 2026
Kerala

കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം, ഒരു വിദ്യാർത്ഥിനി മരിച്ചു,എട്ട് പേർക്ക് പരിക്കേറ്റു, രണ്ട് പേരുടെ നില ഗുരുതരം

Newtalks Desk

തൃശ്ശൂർ കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം. അപകടത്തിൽ ഒരു വിദ്യാർത്ഥിനി മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. വിദ്യാർത്ഥിനിയായ റിയാ ഫാത്തിമ ആണ് മരിച്ചത്. കുറ്റിപ്പുറം – തൃശൂർ റൂട്ടിലോടുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് കാറ്, ഓട്ടോ, ബൈക്ക് ഉൾപ്പടെ 5 വാഹനങ്ങളിലിടിക്കുകയായിരുന്നു.

റിയ ഫാത്തിമയാണ് മരിച്ചത്.  പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്‌കൂട്ടറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സമീപത്തെ വീടിന്റെ മതിലില്‍ ഇടിച്ചാണ് ബസ് നിന്നത്.

അമിതവേഗതയിൽ എത്തിയ ബസിന്റെ നിയന്ത്രണം ഡ്രൈവർക്ക് നഷ്ടമാവുകയായിരുന്നു. ആദ്യം ഒരു കാറിൽ ഇടിച്ച ബസ് പിന്നീട് വാൻ, ഓട്ടോറിക്ഷ, ബൈക്ക് എന്നിവയുൾപ്പെടെ

വാഹനങ്ങളിൽ തുടർച്ചയായി ഇടിക്കുകയായിരുന്നു. 5 വാഹനങ്ങളെയും തകർത്ത ശേഷം ബസ് സമീപത്തെ ഒരു വീടിന്റെ മതിൽ കൂടി തകർത്ത് വീട്ടുമുറ്റത്ത് വന്നാണ് നിന്നത്.

അപകടവിവരമറിഞ്ഞ് കുന്നംകുളം പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. തകർന്ന വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

കോഴിക്കോട് നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട് മറ്റ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. അഞ്ച് വാഹനങ്ങളിൽ ഇടിച്ചിച്ചിട്ടുണ്ട്. കാറിലാണ് ആദ്യം ഇടിച്ചത്. പരിക്കേറ്റവരെ കുന്നംകുളത്തെ മലങ്കര ആശുപത്രിയിലും സമീപത്തെ മറ്റ് ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു.  അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരുന്നു.

മാരുതി എക്കോ വാഹനത്തിലാണ് വിദ്യാർഥിനി സഞ്ചരിച്ചിരുന്നത്. ഈ വണ്ടിയിൽ എട്ടുപേർ ഉണ്ടായിരുന്നു. പരിക്കേറ്റവരെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. ബൈക്ക് യാത്രികനായ ജോബിക്കും ഗുരുതര പരിക്കുണ്ട്. ഇയാളെ തൃശൂർ അമല ആശുപത്രിയിലേക്ക് മാറ്റി. കുന്നംകുളം താലൂക്ക് ആശുപത്രിയിലും ഒരാൾ ചികിത്സയിൽ ഉണ്ട്.

തൊട്ടുതലേദിവസമാണ് മലപ്പുറത്തെ കുറ്റിപ്പുറത്ത് മറ്റൊരു അപകടം നടന്നത്. തുടർച്ചയായുണ്ടാകുന്ന ഇത്തരം റോഡപകടങ്ങൾ പ്രദേശവാസികൾക്കിടയിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. മേഖലയിൽ സ്വകാര്യ ബസുകളുടെ അമിതവേഗതയും മത്സരയോട്ടവും തടയാൻ മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കണമെന്നാണ് പ്രദേശവാസികളുടെ ശക്തമായ ആവശ്യം.


Leave a Reply

Your email address will not be published. Required fields are marked *