Thu, 6 August 2026
Kerala

ഫാത്തിമത്തുല്‍ റിസ ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവ് ആസിഫിനെതിരെ കുടുംബം, എംഡിഎംഎ ഉപയോഗിക്കുന്നതിനെ എതിർത്തതിന്റെ പേരില്‍ മർദ്ദനം

Newtalks Desk

കണ്ണൂർ:പൊയ്‌ത്തുംകടവ് സ്വദേശിനി ഫാത്തിമത്തുല്‍ റിസ ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവ് ആസിഫിനെതിരെ കുടുംബം. നിരന്തര പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.

ഭർത്താവിന്റെ ലഹരി ഉപയോഗം ചോദ്യം ചെയ്തതോടെയാണ് മകളെ ക്രൂരമായി പീഡിപ്പിച്ചതെന്നും അതിലെ മാനസിക വിഷമമാണ് മരണത്തിന് കാരണമായതെന്നും കുടുംബം ആരോപിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിസയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ കണ്ണൂർ കുടുക്കിമൊട്ട സ്വദേശിയായ ഭർത്താവ് ആസിഫ് ദുബായിലേക്ക് മടങ്ങിയതായും കുടുംബം ആരോപിക്കുന്നു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി വളപട്ടണം പോലീസ് ആസിഫിനെതിരെ കേസെടുത്തിട്ടുണ്ട്.

2026 ജനുവരി 8-നായിരുന്നു റിസയുടെയും ആസിഫിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞതി മുതല്‍ മർദനം ആരംഭിച്ചിരുന്നു. പിന്നീട് ഏപ്രില്‍ 11-ന് സന്ദർശക വിസയില്‍ റിസ ദുബായിലെത്തി. അവിടെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് എംഡിഎംഎ ഉപയോഗിക്കുന്നതിനെ എതിർത്തതിന്റെ പേരില്‍ റിസയെ മർദിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.

മാര്‍ച്ചില്‍ ഭർത്താവിന്റെ വീട്ടിൽ നിന്ന് കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്നും ഇക്കാര്യം ഭർത്താവിന്റെ വീട്ടുകാര്‍ അറിയിച്ചില്ലെന്നും കുടുംബം പറഞ്ഞു. അവരുടെ ഒത്താശയോട് കൂടിയാണ് സംഭവം നടക്കുന്നതെന്നാണ് കുടുംബത്തിന്‍റെ ആരോപണം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിസ ജീവനൊടുക്കുന്നത്. പ്രതി ആസിഫ് മരണം നടന്ന ദിവസം നാട്ടിലുണ്ടായിരുന്നു. ഇതിനു ശേഷമാണ് തിരികെ ദുബായിലേക്ക് പോകുന്നത്. ആത്മഹത്യാ പ്രേരണ കുറ്റത്തിന് ആസിഫിനെ പ്രതി ചേർത്ത് വളപട്ടണം പൊലീസ് കേസെടുത്തിട്ടുണ്ട്.

സുഹൃത്തിനയച്ച ഓഡിയോ സന്ദേശത്തില്‍ മരിക്കാനുള്ള തീരുമാനത്തെ പറ്റിയും ഭര്‍ത്താവിന്‍റെ ക്രൂരതയെ പറ്റിയും റിസ പറയുന്നുണ്ട്

സുഹൃത്തിനയച്ച ഓഡിയോ സന്ദേശത്തില്‍ പറയുന്നത് ഇങ്ങനെ

വല്ലാണ്ട് ശ്വാസംമുട്ടുന്നു. ആരും എന്‍റെ കൂടെ നില്‍ക്കില്ല. കുറ്റം മാത്രം കേട്ടിട്ട് നില്‍ക്കാനാകില്ല. അവൻ ചെയ്താലും അതിന്റെ കുറ്റം എനിക്കാണ്. നിനക്ക് അറിയില്ലേ.. എന്നെ.. ഞാനെല്ലാം പറഞ്ഞതല്ലേ.. ഞാന്‍ പോയി കഴിഞ്ഞാല്‍ നീ ഉപ്പാനോട് എല്ലാം പറയണം. അവന്‍ നല്ലവനായി ജീവിക്കേണ്ട. എന്നെ ഇല്ലാണ്ടാക്കി അവന്‍ സുഖിക്കേണ്ട. അവന്‍ എന്നെ പറ്റി കുറ്റം പറഞ്ഞ് ഉപ്പയുടെയും ഉമ്മയുടെയും മനസില്‍ എന്നെ മോശമാക്കും. നീ അങ്ങനെ ചെയ്യാന്‍ വിടരുത്. നീ എന്തായാലും ഉപ്പയോട് പറയണം. എനിക്ക് തീരെ ഇഷ്ടമില്ല ചെയ്യാന്‍.. എനിക്ക് ഇനിയും ജീവിക്കണം. എന്‍റെ ഉപ്പയും ഉമ്മയും കരയൂലേ… അവന്‍ സന്തോഷമായിരിക്കും. അതെല്ലാം ആലോചിക്കുമ്പോ ചെയ്യാന്‍ കഴിയുന്നില്ല. ഇങ്ങനെ ഉരുകി തീരാന്‍ എനിക്ക് കഴിയില്ല. എല്ലാം പറയണേ, കല്യാണം കഴിഞ്ഞത് മുതലുള്ളത്. നിനക്കാണ് എല്ലാ അറിയുന്നത്’, എന്നിങ്ങനെയാണ് റിസ കൂട്ടുകാരിക്ക് അയച്ച മെസേജിലുള്ളത്.


Leave a Reply

Your email address will not be published. Required fields are marked *