രാജ്യത്തിന് മാതൃകയായ ദുരന്തനിവാരണ പരിപാടി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി, ഒറ്റപ്പെട്ടുപോയ ഒരാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജീവന് പൊലിഞ്ഞ ആര് രാജേഷിന്റെ വിയോഗം വേദനാജനകം
രാജ്യത്തിന് മാതൃകയായ ദുരന്തനിവാരണ പരിപാടി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാലാവസ്ഥ പ്രവചനത്തിന് പുതിയ സംവിധാനം നടപ്പാക്കും. ഡാമിലെ മണ്ണും ചെളിയും നീക്കാനുള്ള പദ്ധതി തയാറാക്കും. റവന്യൂ ജലവിഭവ വകുപ്പുകൾക്ക് പദ്ധതി തയ്യാറാക്കാൻ നിർദ്ദേശം നൽകി. മഴ മാറിയാൽ ഉടൻ പ്രവർത്തി തുടങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
26 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി മുഖ്യമന്ത്രി
സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 26 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി മുഖ്യമന്ത്രി വി ഡി സതീശന്. 11 പേര്‍ക്ക് അപകടം പറ്റിയിട്ടുണ്ട്. നാലുപേരെ കാണാതായിട്ടുണ്ട്. സംസ്ഥാനത്ത് 462 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ആകെ 27,048 പേര് ക്യാമ്പിലുണ്ട്. 1882 ഹെക്ടര്‍ കൃഷി നഷ്ടമുണ്ടായിട്ടുണ്ട്. പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ച് 66.44 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. 23, 537 കര്‍ഷകരെ മഴക്കെടുതി ബാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം രൂപ ധനസഹായം
മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം രൂപ ധനസഹായം നല്‍കും. വീട്ടില്‍ വെള്ളം കയറിയവര്‍ക്ക് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പതിനായിരം രൂപ നല്‍കും. മരിച്ചവരുടെ സംസ്കാരം നടത്താന്‍ പതിനായിരം രൂപ ധനസഹായം നല്‍കും. നേരത്തെ വീട് പൂര്‍ണമായും നശിച്ചവര്‍ക്ക് വീടു നിര്‍മ്മിക്കാന്‍ നല്‍കിയിരുന്നത് നാലു ലക്ഷം രൂപയാണ്. അത് ആറു ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലം വാങ്ങി വീടുവെക്കാന്‍ നേരത്തെ നല്‍കിയിരുന്നത് 10 ലക്ഷം രൂപയാണ്. അത് 12 ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
രാജേഷിന്റെ വിയോഗം വേദനാജനകം: മുഖ്യമന്ത്രി
കണ്ണൂര്‍ ചെറുപുഴയില്‍ പ്രളയജലത്തില്‍ ഒറ്റപ്പെട്ടുപോയ ഒരാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജീവന് പൊലിഞ്ഞ തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി ദുരന്ത രക്ഷാപ്രവര്‍ത്തക പരിശീലകനുമായ ആര് രാജേഷിന്റെ വിയോഗം വേദനാജനകമാണ്. രാജേഷിന്റെ സംസ്കാരം സംസ്ഥാന ബഹുമതികളോടെ നടത്തും. അദ്ദേഹത്തിന്റെ പൂര്‍ത്തിയാകാത്ത വീട് നിര്‍മ്മിച്ചുകൊടുക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കൃഷി നാശം സംഭവിച്ചതിൽ നഷ്ടപരിഹാരം വർധിപ്പിച്ചു
കൃഷി നാശം സംഭവിച്ചതിൽ നഷ്ടപരിഹാരം വർധിപ്പിച്ചു. 25 ശതമാനമാണ് വർധിപ്പിച്ചത്. തീരപ്രദേശത്ത് കടൽ ഭിത്തി നിർമ്മാണം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തീരെ പ്രദേശങ്ങളിൽ കൂടുതൽ ജിയോ ബാഗും സ്ഥാപിക്കും. പുനർ ഗേഹം പദ്ധതി പുതുക്കും. അതിനായി തുക വർദ്ധിപ്പിക്കും. പുതിയ പദ്ധതി കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഡാം മാനേജുമെൻ്റിനും ആധുനിക സംവിധാനം കൊണ്ടുവരുമെന്ന് അദേഹം കൂട്ടിച്ചേർത്തു.
മുതലപ്പുഴയുടെ പ്രശ്നപരിഹാരത്തിനായി അടിയന്തര ഇടപെടൽ
പ്രളയഭീഷണി നേരിടുന്ന മുതലപ്പുഴയുടെ പ്രശ്നപരിഹാരത്തിനായി അടിയന്തര ഇടപെടൽ നടത്തുമെന്ന് സർക്കാർ അറിയിച്ചു. അടുത്ത ആഴ്ച ഇതുസംബന്ധിച്ച് പ്രത്യേക യോഗം ചേരും. ഫാദർ യൂജിൻ പരയുടെ നേതൃത്വത്തിലുള്ള വൈദികസംഘം സർക്കാരിനെ നേരിൽകണ്ട് പ്രശ്നങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
മുതലപ്പുഴയിൽ ഉടൻ നടപ്പാക്കേണ്ട ഹ്രസ്വകാല നടപടികൾ ഈ ആഴ്ച തന്നെ ആരംഭിക്കുമെന്നും, ദീർഘകാല അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കും രൂപം നൽകുമെന്നും സർക്കാർ അറിയിച്ചു. മുതലപ്പുഴ വിഷയത്തെ സർക്കാർ പ്രത്യേക പരിഗണനയോടെയാണ് കാണുന്നതെന്നും അധികൃതർ വ്യക്തമാക്കി.



